തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ നഗരത്തിലെ ഏതൊക്കെ വാർഡുകളിൽ വേണമെന്നു നിശ്ചയിക്കാനുള്ള തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷന്റെ ഓണ്‍ലൈൻ അഭിപ്രായ വോട്ടെടുപ്പിനു തുടക്കമായി. സ്മാർട്ട് സിറ്റി പദ്ധതിയുടെ കണ്‍സൾട്ടൻസി നിർദേശിച്ച മൂന്ന് ഏരിയകൾ തെരഞ്ഞെടുക്കുന്നതിനായാണ് കോർപറേഷൻ ഓണ്‍ലൈനിലൂടെ ജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും തേടുന്നത്.
അതേസമയം, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പ് ഇന്നു നടക്കും. അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞതായി മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. സമൂഹ മാധ്യമങ്ങൾ വഴിയും വിദ്യാർഥകളിൽ നിന്നും വിവിധ ഓഫീസ് കോംപ്ളക്സുകളിലും ബാലറ്റ് ബോക്സ് സജ്ജീകരിച്ചുള്ള വോട്ടെടുപ്പിനുമാണ് തുടക്കമായത്. എസ്എംഎസ്, ഓണ്‍ലൈൻ, വാട്സ് ആപ് – ഫേസ്ബുക്ക്, മൊബൈൽ ആപ് എന്നിവ വഴിയുള്ള വോട്ടെടുപ്പിന് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മേയർ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പ് ഇന്ന് 100 വാർഡുകളിലും നടക്കും. ജനപ്രതിനിധികളെ തെഞ്ഞെടുക്കുന്നതിനല്ലാതെ അഭിപ്രായ സർവേയ്ക്കായി വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത് ആദ്യമായാണ്. തെരഞ്ഞെടുപ്പ് കമ്മീ ഷൻ ചുമതലപ്പെടുത്തുന്ന 50 ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണു വോട്ടിംഗ് നടത്തുക. മുഴുവൻ വോട്ടിംഗുകളും ഇന്ന് സമാപിക്കും. 13ന് ഫലം പ്രഖ്യാപിക്കും.
500 കോടിയുടെ വികസനം പ്രതീക്ഷിക്കുന്ന സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി നാല് വികസന മാതൃകകളാണു നടപ്പാക്കുന്നത്. ഇതിൽ പാൻ സിറ്റി ഡെവലപ്മെന്റ് പദ്ധതിയിൽ നഗരസഭ പരിധിയിലെ നൂറു വാർഡുകളും ഉൾപ്പെടും. മറ്റു പദ്ധതികളായ നഗരവികസനം, നഗരനവീകരണം, ഹരിത വികസനം എന്നിവ നിശ്ചിത വാർഡുകൾ ഉൾപ്പെടുന്ന മേഖലകളിൽ മാത്രമേ നടപ്പാക്കാൻ കഴിയൂ. ഈ മേഖലകൾ തെരഞ്ഞെടുക്കാനാണ് ജനാഭിപ്രായം തേടുന്നത്.
വോട്ടിംഗ് യന്ത്രത്തിൽ ഒന്ന് മുതൽ ഏഴു വരെയുള്ള പദ്ധതി പ്രദേശങ്ങളുടെ നന്പരുകളാണ് ബാലറ്റ് യൂണിറ്റിലുണ്ടാകുക. 1, ആക്കുളം ഏരിയ. 2, കഴക്കൂട്ടം ഏരിയ. 3, നഗര ഹൃദയ മേഖല. 4, കോവളം കഴക്കൂട്ടം ജലപാത മേഖല. 5, വിഴിഞ്ഞം മേഖല. 6, മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി മേഖല. 7. പ്രാന്തപ്രദേശ വികസന ഇടനാഴി ഏരിയ. ആക്കുളം ഏരിയക്കാണ് വോട്ടുചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഒന്നാം നന്പർ ബട്ടണ്‍ അമർത്തണം. ഒന്നു മുതൽ 50 വരെയുള്ള വാർഡുകളിൽ ഇന്ന് രാവിലെ ഒൻപതു മുതൽ 12 വരെയും 51 മുതൽ നൂറു വരെയുള്ള വാർഡുകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ നാലു വരെയുമാണു വോട്ടെടുപ്പ്.