ഭയാനകമായിരുന്നു ആ കാഴ്ച! തീക്കുണ്ഠം പോലെ പെണ്‍കുട്ടി നിലവിളിച്ചോടുന്നു; തൊട്ടുപിന്നാലെ തീ പടര്‍ന്ന യുവാവും; തീക്കളിയില്‍ നടുങ്ങിവിറച്ച് എസ്എംഇ

2017feb02sme

കോട്ടയം: ഭയാനകമായിരുന്നു ആ കാഴ്ച. തീക്കുണ്ഠം പോലെ ഒരു പെണ്‍കുട്ടി നിലവിളിച്ചോടുന്നു. തൊട്ടുപിന്നാലെ തീ പടര്‍ന്ന യുവാവും. ഇവര്‍ക്കിടയിലേക്കു നിലവിളിച്ചോടി വരുന്ന മറ്റു വിദ്യാര്‍ഥികള്‍. ഇന്നലെ ഉച്ചയ്ക്ക് ഗാന്ധിനഗര്‍ എസ്എംഇയില്‍ ഉയര്‍ന്ന കൂട്ടനിലവളിയാണ്. സ്ഥാപനത്തിന് അംഗീകാരം നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട സമരം നടക്കുന്നതിനാല്‍ ഏറെ കുട്ടികളും ഉച്ചയോടെ വീടുകളിലേക്കും ഹോസ്റ്റലുകളിലേക്കും മടങ്ങിയിരുന്നു. ലൈബ്രറിയിലും ഏതാനും ക്ലാസ് മുറികളിലും വായനയിലും സമര ചര്‍ച്ചകളിലും മുഴുകിയിരുന്നവര്‍ ഭയാനകമായ ആ കാഴ്ച കണ്ടു നടുങ്ങി.

ഉച്ചകഴിഞ്ഞ് ഒന്നോടെ ലക്ഷ്മിയുടെ ക്ലാസ്മുറിയുടെ വാതിലില്‍ എത്തിയ ആദര്‍ശ് ബാഗില്‍നിന്നു കാനില്‍ കരുതിയിരുന്ന പെട്രോള്‍ സ്വന്തം ശരീരത്ത് ഒഴിച്ച ശേഷം ക്ലാസില്‍ കയറി ലക്ഷ്മിയുടെ ദേഹത്തേക്കും ഒഴിച്ചു. ഈ സമയത്തു ക്ലാസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ ചിതറിയോടി. ദേഹത്തു പെട്രോള്‍ പടര്‍ന്ന പെണ്‍കുട്ടി ജീവരക്ഷാര്‍ഥം ലൈബ്രറിയിലേക്ക് ഓടിവരുന്നു. പിന്നാലെ കാനില്‍ പെട്രോളും മറ്റേ കൈയില്‍ ലൈറ്ററുമായി യുവാവ്. ലൈറ്റര്‍ കത്തിക്കുന്നതു തടയാന്‍ ലൈബ്രറിയിലുണ്ടായിരുന്ന അശ്വിനും അജ്മലും ആവതു ശ്രമിച്ചെങ്കിലും ഇവര്‍ക്കു പൊള്ളലേറ്റതല്ലാതെ ശ്രമം വിജയിച്ചില്ല. നിമിഷനേരംകൊണ്ട് എല്ലാം കഴിഞ്ഞു. അരുതേ എന്നു പറയും മുമ്പ് തീനാളങ്ങള്‍ യുവാവിനെയും വിദ്യാര്‍ഥിനിയെയും വിഴുങ്ങി.
death1
തീ പടര്‍ന്നതോടെ പെണ്‍കുട്ടിക്കു പത്തു വാര പോലും ഓടാനായില്ല, വരാന്തയില്‍ വീണു. ഇതിനിടയില്‍ യുവാവിന്‍റെ ശരീരത്തെയും തീ മൂടിയിരുന്നു. നിലവിളിക്കാനല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാനാകുമായിരുന്നില്ല. എവിടുന്നൊക്കെയോ വെള്ളം എത്തിച്ച് ഒഴിച്ചപ്പോഴേക്കും വസ്ത്രം അപ്പാടെ കത്തി ശരീരം വെന്തുതുടങ്ങിയിരുന്നു. കിട്ടിയ വാഹനങ്ങളില്‍ യുവാവിനെയും യുവതിയെയും തൊട്ടടുത്തുള്ള മെഡിക്കല്‍ കോളജിലെത്തിച്ചു. രക്ഷിക്കാനെത്തി പൊള്ളലേറ്റ വിദ്യാര്‍ഥികളെ തൊട്ടുപിന്നാലെയും.

എസ്എംഇയില്‍ ഒരു വിദ്യാര്‍ഥിനിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ് ഏതാനും വര്‍ഷം മുമ്പു നാടിനെ നടുക്കിയിരുന്നു. ആ കേസില്‍ ഏതാനും വിദ്യാര്‍ഥികള്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. പിന്നീട് സമര കോലാഹലങ്ങളുടെയും ബന്ദിയാക്കലിന്‍റെയും പേരിലാണ് എസ്എംഇ വാര്‍ത്തകളില്‍ സജീവമായത്. എംജി വാഴ്‌സിറ്റിയുടെ കീഴിലുള്ള സ്ഥാപനത്തിന്‍റെ അംഗീകാരം നഷ്ടമായതോടെ ഒരു മാസമായി സമരത്തിലാണ് എസ്എംഇ വിദ്യാര്‍ഥികള്‍. അതിനിടയിലാണ് തീമഴ പോലെ ഈ ദാരുണ സംഭവം.

Related posts