ജോമി കുര്യാക്കോസ്
കോട്ടയം: റെഗുലേറ്ററി ബോർഡിന്റെ അനുമതി ലഭിക്കുന്നതോടെ എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിക്കൻ എഡ്യുക്കേഷൻ കോഴ്സുകൾക്ക് ആരോഗ്യ സർവകലാശാലയുടെ അംഗീകാരവും ലഭിക്കും. ഇന്നലെ നിയമസഭയിൽ ഉമ്മൻ ചാണ്ടി ഉന്നയിച്ച സബ്മിഷനു മറുപടി നല്കിയ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് ആരോഗ്യ സർവകലാശാലയുടെ അംഗീകാരം ലഭിക്കുമെന്ന് അറിയിച്ചത്. ഇതോടെ വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാകും. തുല്യതാ സർട്ടിഫിക്കറ്റ് സംബന്ധിച്ചും തുടർപ്രവർത്തനം സംബന്ധിച്ചും തീരുമാനമാകേണ്ടതുണ്ട്.
ബിഎസ്സി, എംഎസ്സി മൈക്രോ ബയോളജി, ബിഎംആർടി, എംഎസ്സി ബയോകെമിസ്ട്രി, ബിഎസ്സി എംഎൽടി എന്നീ കോഴ്സുകൾക്കാണു തുടർ നടപടി വേണ്ടിവരുന്നത്. എസ്എംഇ 15 കോഴ്സുകളിൽ ബിഎസ്സി കോഴ്സുകൾക്ക് നഴ്സിംഗ് കൗണ്‍സിലിന്റെയും ബിഫാം, എംഫാം കോഴ്സുകൾക്ക് ഫാർമസി കൗണ്‍സിലിന്റെയും അംഗീകാരവുമുണ്ട്. ഇതോടെ നെടുങ്കണ്ടം, പാലാ, ചെറുവാണ്ടൂർ, ചുട്ടിപ്പാറ സെന്ററുകളിലെ വിദ്യാർഥികളുടെ പ്രശ്നം പൂർണമായും പരിഹരിച്ചു.
ബിഎസ്സി, എംഎസ്സി മൈക്രോബയോളജി കോഴ്സുകൾക്ക് 2012 വരെ പ്രവേശനം ലഭിച്ചവർക്കു പാരാ മെഡിക്കൽ കൗണ്‍സിലിന്റെ അംഗീകാരമുണ്ടായിരുന്നു. ബിഎംആർടി കോഴ്സിനു 2014 വരെ പഠിച്ചിറങ്ങിയ ബാച്ചിനും എംഎസ്സി ബയോ കെമിസ്ട്രി കോഴ്സിനു 2012 പ്രവേശനം ലഭിച്ചവർക്കും പിഎംസി അംഗീകാരമുണ്ട്. ബിഎസ്സി എംഎൽടി കോഴ്സിനു 2009തിൽ പ്രവേശനം ലഭിച്ചവർക്കും അംഗീകാരമുണ്ട്.
ബിപിടി, എംപിടി, എംഎച്ച്എ, എംപിഎച്ച്, എംഎസ്സി അനാട്ടമി, മെഡിക്കൽ ഡോക്യുമെന്റേഷൻ, ബയോ മെഡിക്കൽ ഇൻട്രുമെന്റേഷൻ കോഴ്സുകൾക്ക് റെഗുലേറ്ററി അഥോറിറ്റി എംജി യൂണിവേഴ്സിറ്റിയായതിനാൽ തുല്യതാ സർട്ടിഫിക്കറ്റിനും തുടർപ്രവേശനത്തിനും പ്രശ്നമില്ല. ഗാന്ധിനഗർ, പുതുപ്പള്ളി, മണിമലക്കുന്ന്, അങ്കമാലി സെന്ററുകളിലെ ഏതാനും കോഴ്സുകൾക്കാണ് ഇനി അംഗീകാരം ലഭിക്കേണ്ടതുള്ളത്.
നഴ്സിംഗ് കൗണ്‍സിൽ, ഫാർമസി കൗണ്‍സിൽ, പാരാമെഡിക്കൽ കൗണ്‍സിൽ പരിശോധന പൂർത്തിയാക്കി അംഗീകാരം ലഭിക്കുന്നതോടെ എസ്എംഇയുടെ ഭാവി സുരക്ഷിതമാകും. ഒരു യൂണിവേഴ്സിറ്റി നടത്തുന്ന കോഴ്സുകൾക്ക് മറ്റൊരു യൂണിവേഴ്സിറ്റി അംഗീകാരം നല്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ എസ്എംഇ കോളജുകളെ സ്വയംഭരണാവകാശമുള്ള കോളജായി മറ്റേണ്ടിവരും.
ഇതിനായി എംജി യൂണിവേഴ്സിറ്റി, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർമാർ, ആരോഗ്യ, വിദ്യാഭ്യസ സെക്രട്ടറിമാർ, സർക്കാർ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട സ്വയംഭരണ സൊസൈറ്റി രൂപീകരിക്കാനുള്ള നിയമാവലിയുടെ രൂപരേഖ തയാറാക്കിക്കഴിഞ്ഞു. ഈ രൂപരേഖയ്ക്ക് സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് സൊസൈറ്റി പ്രവർത്തനസജ്ജമാകും. മൂന്നു വർഷങ്ങൾക്കുള്ളിൽ സ്വയംഭരണാവകാശമുള്ള കോളജായി എസ്എംഇ മാറ്റാനാണു തുടർനടപടികൾ.