ഗാന്ധിനഗര്‍: സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ (എസ്എംഇ) ഒന്നാം വര്‍ഷ എംഎല്‍ടി വിദ്യാര്‍ഥി അജാസ് ഖാനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്ക്കെതിരേ നടപടി. അധ്യാപകരായ സീന, റീനു എന്നിവരെയാണു സ്ഥലം മാറ്റിയത്.
അജാസ് ഖാന് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപകര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണ വിധേയരായ രണ്ട് അധ്യാപകരെയും സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്. മണിമലക്കുന്ന്, പുതുപ്പള്ളി എന്നീ എസ്എംഇകളിലേക്കാണ് ഇരുവരെയും സ്ഥലം മാറ്റിയത്.
ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചു. ബിഎസ്സി എംഎല്‍ടി വിദ്യാര്‍ഥികളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് നടത്തിയ സമരം തിരുവനന്തപുരം സ്വദേശിനി പ്രസീല ഉദ്ഘാടനം ചെയ്തു.
അകാരണമായി ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നു, കുട്ടികളോട് അധ്യാപകര്‍ അസഭ്യവാക്കുകള്‍ പറയുന്നു, സര്‍വകലാശാലാ പരീക്ഷകള്‍ക്ക് കുട്ടികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു, മാനസിക പീഡനംമൂലം കുട്ടികളുടെ പഠന നിലവാരവും മനോധൈര്യവും ദുര്‍ബലപ്പെടുത്തുന്നു, ഹാജര്‍ നല്കുന്നതില് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്നീ കാരണങ്ങളാണ് രക്ഷിതാക്കള്‍ ഉയര്‍ത്തിക്കാണിച്ചത്.
സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നല്‍കുന്നില്ലെന്നും നിത്യേന ഹാജര്‍ രേഖപ്പെടുത്തുന്നില്ലെന്നും ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളുടെ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഹാജര്‍ നഷ്ടപ്പെടുത്തുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും രക്ഷാകര്ത്താക്കള് ആരോപിച്ചു.
കഴിഞ്ഞ മൂന്നിന് എംഎല്‍ടി ഒന്നാം വര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം കല്ലുംപുറം ചാരുവിള പുത്തന്‍വീട്ടില്‍ ഷിബുവിന്റെ മകന് അജാസ് ഖാന് (19) മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയിരുന്നു.
ഇതിനു പിന്നില്‍ അധ്യാപകരുടെ മാനസിക സമ്മര്‍ദമാണെന്നും പരീക്ഷാസമയം കഴിയുന്നതിന് അര മണിക്കൂര്‍ മുമ്പെ ഉത്തരക്കടലാസ് ഈ വിദ്യാര്‍ഥിയില്‍നിന്നു ബലമായി പിടിച്ചു വാങ്ങിയെന്നും സഹപാഠികള്‍ പറയുന്നു. രക്ഷിതാക്കളായ പ്രസീല തിരുവനന്തപുരം, ഗീതാ അജയന് ഭരണങ്ങാനം, ജയരാജന് ആലപ്പുഴ, റഫീക്ക് കരുനാഗപ്പള്ളി തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്കി.