ഗാന്ധിനഗർ: എസ് എം ഇ വിദ്യാർഥികൾക്ക് കോട്ടയം മെഡിക്കൽ കോളജിൽ ക്ലിനിക്കൽ പരിശീലനം നൽകാത്തത് കോളജ് അധികൃതരുടെ ധാർഷ്ഠ്യവും ചില സർവീസ് സംഘടനകളുടെ സ്വകാര്യതാൽപര്യത്തിനു വഴങ്ങിയുമാണെന്ന് എസ്എംഇ കോളജ് യൂണിയൻ നേതൃത്വം ആരോപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശവും സർക്കാർ ഉത്തരവും ആശുപത്രി വികസന സമിതി യോഗ തീരുമാനവും ഉണ്ടായിട്ടും എസ്എം ഇ യിലെ ഡിഗ്രി വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നൽകുന്നില്ല.
ഒരു സമയം അഞ്ച് ബിഎം ആർ റ്റി (ഡിഗ്രി) വിദ്യാർഥികൾക്ക് പരിശീലനം നൽകിയാൽ മതി. ഇതു മൂലം മെഡിക്കൽ കോളജിൽ പഠിക്കുന്ന ഡിപ്ലോമ (ഡി.ആർ.റ്റി) വിദ്യാർഥികൾക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് എസ്എംഇ.കോളജ് യൂണിയൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കാരണം അഞ്ച് വിദ്യാർഥികൾക്ക് ഒരേ സമയം ഒരു ഡിപ്പാർട്ട്മെന്റിലല്ല പരിശീലനം നൽകുന്നത്.
മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി എന്നീ രണ്ടു പ്രധാന വിഭാഗങ്ങളിലായി വിവിധ അനുബന്ധ ഡിപ്പാർട്ട്മെന്റുകളുണ്ട്. റേഡിയോ ഡയഗ്നോസിസ് ആണെങ്കിൽ ഒപി., ഐ.പി, അത്യാഹിത വിഭാഗം, ശസ്ത്രക്രിയാ തിയറ്റർ , കാത്ത് ലാബ്, തുടങ്ങിയ വിഭാഗങ്ങളുണ്ട്. കൂടാതെ സിടി , എം.ആർഐ, തുടങ്ങി നൂതന സാങ്കേതിക സംവിധാനങ്ങൾ വെറെയുമുണ്ട്.
അതുപോലെ റേഡിയോ തെറാപ്പിയിലാണെങ്കിൽ ടെലികോബാൾട്ട് യൂണിറ്റ്, ലീനിയർ ആക്സിലറേറ്റർ, ബ്രാച്ചി തെറാപ്പി പോലുള്ള കാൻസർ ചികിത്സാ വിഭാഗങ്ങൾ വേറെയും. അങ്ങനെ ഒട്ടനവധി ഡിപ്പാർട്ട്മെന്റുകൾ ഉള്ളതിൽ അഞ്ച് ഡിപ്പാർട്ട്മെന്റിൽമാത്രം ഓരോ ബിഎംആർറ്റി വിദ്യാർഥികൾക്ക് പരിശീലനം നൽകുന്പോൾ ഒരിക്കലും അത് മെഡിക്കൽ കോളജിലെ ഡിആർറ്റി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നില്ല.
എന്നാൽ എസ്എംഇ യിലെ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നൽകുന്നതിന് മെഡിക്കൽ കോളജ് പാരാമെഡിക്കൽ വിദ്യാർഥികൾ എതിർക്കുകയും ശക്തമായ സമരരംഗത്തുമാണ്.എസ് എം ഇ യിലെ ബിഎം ആർ റ്റി വിദ്യാർഥികളുടെ മെഡിക്കൽ കോളജ് പരിശീലനത്തിനെതിരേ മെഡിക്കൽ കോളജ് ഡി ആർറ്റി വിദ്യാഥികളെ സമരം ചെയ്യിക്കുന്നതിന്റെ പിന്നിൽ സർവീസ് സംഘടനകളാണെന്നും കോളജ് യൂണിയൻ ആരോപിക്കുന്നു.
കേരള ഗവണ്മെന്റ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ (കെ.ജി.ആർ.എ), എന്ന സർവീസ് സംഘടനയും, ഇന്ത്യൻ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആന്റ് ടെക്നോളജിസ്റ്റ് (ഐ.എസ്.ആർ.റ്റി) എന്ന സംഘടനയുമാണെന്ന് കോളജ് യൂണിയൻ ആരോപിക്കുന്നു. ഈ സംഘടനകൾക്ക് വർഷങ്ങളായി എസ്എംഇയോടും ബിഎം ആർ റ്റി കോഴ്സിസിനോടും ഉള്ള പ്രഫഷണൽ ഈഗോ ആണ്രതേ പ്രശ്നം.
അവർ അതിനു വേണ്ടി സർക്കാർ സംവിധാനമായ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് (കെ.യു.എച്ച്.എസ്) നേയും കോട്ടയം മെഡിക്കൽ കോളജ് അധികൃതരേയും മുൻപിൽ നിർത്തി സർക്കാർ സാശ്രയ സ്ഥാപനമായ എസ്എംഇയെ ഇല്ലാതാക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്.
മെഡിക്കൽ കോളജ് അധികൃതരുടെ വ്യക്തിപരമായ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് പുറത്ത് കൊണ്ടു വരണമെന്നും, അതോടൊപ്പം വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ വെല്ലുവിളിക്കുവാനുള്ള ധാർഷ്ഠ്യത്തിന് പിന്നിലെ ശക്തി വെളിച്ചത്തു കൊണ്ടുവരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ 1992 മുതൽ 2018 കാലയളവ് വരെ പഠിച്ച് ഉദ്യോഗത്തിനായി കാത്തു നിൽക്കുന്നവരുടേയും ഭാവി അനിശ്ചിതത്തിലാകും.
ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവരുടെ ഭാവിയും ഇരുളടഞ്ഞതായാൽ ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പ എടുത്ത് പഠിച്ചവരും പഠിച്ചു കൊണ്ടിരിക്കുന്നവരും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. അതിനാൽ സർക്കാർ ഇടപെട്ട് എസ്.എം.ഇയിലെ ബി.എം.ആർറ്റി വിദ്യാർഥികൾക്ക് കോട്ടയം മെഡിക്കൽ കോളജിൽ ക്ലിനിക്കൽ പരിശീലനം നൽകുവാൻ അവസരം ഉണ്ടാക്കിത്തരമെന്നാണ് കോളജ് യൂണിയന്റെ ആവശ്യം.്