ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ എസ്എംഇ വിദ്യാർഥികൾക്ക് പരിശീലനം നൽകാനാവില്ലെന്ന് ഹൈക്കോടതി . എസ്എംഇ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നൽകുന്നതിനെതിരെ മെഡിക്കൽ കോളജ് പാരാമെഡിക്കൽ വിദ്യാർഥികൾ ഹൈക്കോടതിയിൽ നൽകിയ കേസിലാണ് ഇപ്പോൾ വിധിയുണ്ടായത്. മെഡിക്കൽ കോളജിൽ പാരാ മെഡിക്കൽ വിദ്യാർഥികൾക്ക് പരിശീലനത്തിന് സൗകര്യം കുറവാണ്.
അതിനാൽ എസ്എംഇയിലെ സ്വാശ്രയ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം അനുവദിക്കരുതെന്നും അവർക്ക് നിലവിൽ അനുവദിക്കപ്പെട്ട എറണാകുളം ജനറൽ ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ലഭ്യമാണെന്നും പാരാമെഡിക്കൽ വിദ്യാർഥികൾ വാദിച്ചിരുന്നു.
ഇത് മെഡിക്കൽ കോളജ് വകുപ്പു മേധാവികളുടെ യോഗവും അംഗീകരിച്ചതാണ്. ഇതിൽ സർക്കാരിന്റെയും ആരോഗ്യ സർവകലാശാലയുടേയും അഭിപ്രായം കോടതി തേടിയിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ പരിശീലനം മതിയെന്ന് സർവകലാശാലയും കോടതിയിൽ വ്യക്തമാക്കി.
തുടർന്ന് നിബന്ധനകളുടെ അടിസ്ഥാനത്തിൽ കോഴ്സിന് താൽക്കാലിക അംഗീകാരം കോടതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇരുകൂട്ടരുടേയും ഹർജിയിൽ തീരുമാനമായതായും അതനുസരിച്ച് എസ്എംഇ വിദ്യാർഥികളുടെ പരിശീലന കേന്ദ്രങ്ങൾ സംബന്ധിച്ച് സർക്കാർ ഉത്തരവിൽ മാറ്റം വരുത്തുവാനും കോടതി ഉത്തരവിട്ടു. ആരോഗ്യ സർവകലാശാല മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന കർശന നിർദ്ദേശവും എസ്എംഇ അധികൃതർക്ക് കോടതി നൽകി.