ഗുരുവായൂർ: ക്ഷേത്രത്തിലെ ചോറൂൺ വഴിപാട് ഫോട്ടോ എടുക്കൽ വീണ്ടും തുടങ്ങി. ഇന്നുരാവിലെ പതിനൊന്നൊടെ ഗുരുവായൂർ ക്ഷേത്രത്തിലെ പഴയ ഊട്ടുപുരയുടെ ഒന്നാംനിലയിലെ ചോറൂൺ ഹാളിൽ ഗുരുവായൂരപ്പന്റെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ചശേഷമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുരുന്നുകളുടെ ഫോട്ടോ കാമാറയിൽ ഒപ്പി ചോറൂൺ വഴിപാട് ഫോട്ടോ എടുക്കൽ പുനരാരംഭിച്ചത്.
കോഴിക്കോട് സ്വദേശി ജിതിൻ – മൃദു ദന്പതികളുടെ മകൻ അയാന്റെ ഫോട്ടോയാണ് മന്ത്രി ആദ്യം എടുത്തത്. പിന്നീട് രണ്ടു കുരുന്നുകളുടെ ഫോട്ടോകൂടി മന്ത്രി എടുത്തു. ചോറൂൺ വഴിപാടിനെത്തിയ കുരുന്നുകളെ ലാളിച്ച് രക്ഷിതാക്കളുമായി സന്തോഷം പങ്കുവച്ചശേഷമാണ് മന്ത്രി മടങ്ങിയത്.
11 ഫോട്ടോ ഗ്രാഫർമാരെയാണ് ഗുരുവായൂർ ദേവസ്വം 1000 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്. ചോറൂണിന്റെ അഞ്ച് ഫോട്ടോകളടിങ്ങയത്, 10 ഫോട്ടോകളടങ്ങിയ സിഡികളാണ് ആവശ്യക്കാർക്ക് നൽകുക. ഇതിന് 100, 200 രൂപ ക്രമത്തിൽ വില ഈടാക്കും. നാലുവർഷം മുന്പ് കരാറുകാരും ദേവസ്വവും തമ്മിലുള്ള തർക്കത്തെ തുടർന്ന് കോടതി ഇടപ്പെടലോടെയാണ് ക്ഷേത്രത്തിലെ ഫോട്ടോഗ്രാഫി നിർത്തിയത്.
ദേവസ്വം ടെൻഡറിലൂടെയാണ് അന്ന് ഫോട്ടോഗ്രാഫി കരാറുകാർക്ക് നൽകിയത്. അവസാനവർഷം കരാർ നൽകിയത് 2.16 കോടി രൂപയ്ക്കാണ്. ഗുരുവായൂർ ദേവസ്വത്തിൽ കെ.ബി. മോഹൻദാസ് ചെയർമാനായുള്ള ഭരണസമിതി അധികാരത്തിലെത്തിയശേഷം ഭക്തജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഫോട്ടോഗ്രാഫി വഴിപ്പാട് പുനരാരംഭിക്കാൻ തീരുമാനിച്ചത്.
ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷമാണ് ഇന്ന് വീണ്ടും ഫോട്ടോഗ്രാഫി പുനരാരംഭിച്ചത്. ഇതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികൾക്ക് ചോറുകൊടുക്കാനെത്തുന്ന രക്ഷിതാക്കൾക്ക് കുട്ടികളുടെ ജീവിതത്തിലെ ആദ്യ അസുലഭ നിമിഷം ഫോട്ടോ എടുത്ത് സൂക്ഷിക്കാനുള്ള അവസരം വീണ്ടും ഒരുങ്ങി.
രാവിലെ തുടങ്ങിയ ചോറൂൺ വഴിപ്പാട് ഫോട്ടോ എടുക്കൽ ഉദ്ഘാടന ചടങ്ങിൽ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ പി.ഗോപിനാഥൻ, എ.വി. പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, കെ.കെ. രാമചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണിരാജ്, മാനേജർ പി. മനോജ്കുമാർ എന്നിവർ പങ്കെടുത്തു.