പാറ്റ്ന: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ബിഹാറിൽ കേസ്. ബിഹാറിലെ സിതാമാർഹിയിലാണ് മന്ത്രിക്കെതിരെ കേസെടുത്തത്.
സ്ത്രീകൾക്ക് പ്രാർഥിക്കാൻ അവകാശമുണ്ട്, എന്നാൽ ക്ഷേത്രം അശുദ്ധമാക്കാൻ അവകാശമില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രസ്താവന. സിതാമാർഹി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകനായ ഠാക്കൂർ ചന്ദൻ സിംഗ് ആണ് കേസു നൽകിയത്.
മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. കോടതിവിധിയെപ്പറ്റി ഒന്നും പറയുന്നില്ലെന്നു പറഞ്ഞിട്ടാണു സ്മൃതി പ്രതികരിച്ചത്. ആർത്തവ രക്തം പുരണ്ട നാപ്കിൻ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോകില്ലല്ലോ. അപ്പോൾ പിന്നെ ക്ഷേത്രത്തിൽ ആകാമോ? പ്രാർഥിക്കാൻ എ നിക്കവകാശമുണ്ട്, അശുദ്ധമാക്കാൻ അവകാശമില്ല- മന്ത്രി പറഞ്ഞു.