പ്രകാശം പരത്തുന്ന ചിരി, തീവ്രമായ കണ്ണുകള്‍, ഭയരഹിതമായ ഭാവം. ഇതായിരുന്നു സ്മിതാ പാട്ടീല്‍. 1986 ഡിസംബര്‍ 13ന് തന്റെ 31-ാം വയസില്‍ ഈ ലോകത്തോടു വിട പറയുമ്പോള്‍ സ്മിത എന്ന നടി ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. നടന് രാജ് ബബ്ബറിന്റെ ഭാര്യയായ സ്മിത മകന് പ്രതീകിന് ജന്മം നല്കി ഏതാനും ദിവസങ്ങള്‍ക്കു ശേഷമായിരുന്നു മരണത്തിനു കീഴടങ്ങിയത്. പ്രസവാന്തരമുള്ള ശാരീരിക പ്രശ്നങ്ങളായിരുന്നു സ്മിതയുടെ മരണകാരണം.
ഭൂമിക, ചക്ര, അര്ഥ്, മിര്‍ച്ച് മസാല, നമാക് ഹലാല്‍, ശക്തി, മന്തന് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ ശേഷമായിരുന്നു സ്മിതയുടെ വിടവാങ്ങല്‍. 1985ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ ചിദംബരത്തിലൂടെ ആ നടന വൈഭവം മലയാളികളും അനുഭവിച്ചറിഞ്ഞു.
1955 ഒക്ടോബര്‍ 17ന് പൂനെയിലായിരുന്നു സ്മിതയുടെ ജനനം. പിതാവിന്റെ രാഷ്ട്രീയ,സാമൂഹിക പ്രവര്‍ത്തന പാരമ്പര്യം സ്മിതയ്ക്കു പകര്‍ന്നു കിട്ടിയിരുന്നു. എന്നാല്‍ കലകളിലുള്ള അഭിരുചി സ്മിതയെ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു. പഠനകാലത്തു തന്നെ സൂപ്പര്‍താരങ്ങളുടെ നായികാ പദവി സ്മിതയെ തേടിയെത്തിയിരുന്നു. മനോജ് കുമാറിന്റെ റോട്ടി കപ്പടാ മക്കാനിലേക്കും ദേവാനന്ദിന്റെ ഹരേ രാമ ഹരേ കൃഷ്ണയിലേക്കും സ്മിതയ്ക്കു നായികയാകാന്‍ ക്ഷണമുണ്ടായി. എന്നാല്‍ പഠനത്തിനു പ്രാമുഖ്യം കൊടുത്ത സ്മിതയുടെ കുടുംബം ക്ഷണം നിരസിക്കുകയായിരുന്നു.
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഇന്ത്യയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന സ്മിത ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരികയായാണ് കരിയര്‍ ആരംഭിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന സ്മിതയുടെ മുഖം പെട്ടെന്നുതന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. 1974ല്‍ മേരേ സാത് ചല് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി. പിന്നീട് പലഭാഷകളിലായി 75 സിനിമകളില്‍ സ്മിത അഭിനയിച്ചു. ഇക്കാലയളവില്‍ സത്യജിത് റായ്, മൃണാല്‍ സെന്‍, ശ്യാം ബെനഗല്‍, ഗോവിന്ദ് നിഹലാനി, ജി. അരവിന്ദന് തുടങ്ങിയ മഹാരഥന്മാരുടെ ചിത്രങ്ങളില്‍ നായികയായി അഭിനയിക്കാനും സ്മിതയ്ക്കു കഴിഞ്ഞു.1977,1980 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും 1981,1982 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും സ്മിതയെ തേടിയെത്തി. 1985ല്‍ മികവിനുള്ള അംഗീകാരമായി പദ്മശ്രീയും സ്മിതയ്ക്കു ലഭിച്ചു.
കടുത്ത ഫെമിനിസ്റ്റ് എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന സ്മിത തന്റെ കഥാപാത്രങ്ങളിലൂടെ സമൂഹത്തിന്റെ മുഖം മാറ്റാന്‍ ശ്രമിച്ചു. വളരെയധികം സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സ്മിത സജീവമായിരുന്നു. രാജ് ബബ്ബറുമായുണ്ടായ പ്രണയം സ്മിതയെ പല കുഴപ്പത്തിലും ചാടിച്ചു. തജൂര്‍ബാ, ഭീഗി പാല്‍ക്കന്‍, ആജ് കീ ആവാസ്, ഹം ദോ ഹമാരേ ദോ തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച പരിചയം പ്രണയത്തിനു വഴിമാറുകയായിരുന്നു. ഈ പ്രണയം രാജ് ബബ്ബര്‍ ആദ്യ ഭാര്യയെ ഡൈവോഴ്സ് ചെയ്യുന്നതിലേക്ക് നയിച്ചു. പിന്നീട് സ്മിതയെ വിവാഹം ചെയ്ത രാജ് ബബ്ബര്‍ തങ്ങളുടെ ആദ്യകുഞ്ഞിന് ജന്മം നല്കി രണ്ടാഴ്ചയ്ക്കു ശേഷം സ്മിത ലോകത്തോടു വിടപറയുന്നതിനും സാക്ഷ്യം വഹിച്ചു.
പുതു തലമുറയില്‍ അഭിനയമികവു പ്രകടിപ്പിക്കുന്ന നടിമാരെ ഇന്നും താരതമ്യപ്പെടുത്തുന്നത് സ്മിതയോടാണ്. നന്ദിതാ ദാസും വിദ്യാബാലനുമെല്ലാം ഇങ്ങനെ സ്മിതയുടെ പിന്‍ഗാമികള്‍ എന്ന വിശേഷണം ഏറ്റുവാങ്ങിയവരാണ്. സ്മിതയേപ്പോലൊരു നടി അവര്‍ക്കു മുമ്പും അവര്‍ക്കു ശേഷവും ഉണ്ടായിട്ടില്ലെന്നത് പരമാര്‍ഥം. അതേ സ്മിത ജീവിക്കുകയാണ് ഇന്ത്യന്‍ ജനഹൃദയങ്ങളിലൂടെ ”ആജ് രപട് ജായേ തോ ഹമേ നാ ഉതെയ്യോ” ആര്‍ക്കാണ് ഈ പാട്ടും സ്മിതയെയും മറക്കാനാവുക.