മുംബൈ: ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 23ന് തുടങ്ങാനിരിക്കെ വാക്കുകള്‍കൊണ്ടുള്ള യുദ്ധം ആരംഭിച്ചു. ഇന്നലെ വാര്‍ത്താസമ്മേളനത്തിനെത്തിയ ഓസീസ് നായകൻ സ്റ്റീവന്‍ സ്മിത്താണ് വാക് പോരിനു തുടക്കമിട്ടിരിക്കുന്നത്. വാക്കുകള്‍കൊണ്ടും കളത്തിലെ പ്രകോപനങ്ങള്‍ കൊണ്ടും ഇന്ത്യയെ തളര്‍ത്താന്‍ ഓസീസ് താരങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇന്ത്യ- ഓസ്ട്രേലിയ ഏറ്റുമുട്ടലുകള്‍ എല്ലാക്കാലത്തും ആവേശഭരിതമായി മാറുന്നത് കളിക്കളത്തിനു വെളിയിലുള്ള ഇത്തരം പോരുകളിലൂടെയാണ്. 2015ലെ ഏകദിന ലോകകപ്പിനു തൊട്ടുമുമ്പുള്ള ഓസീസ് പരമ്പരയില്‍ കളിക്കളത്തിലെ അതിരുവിട്ട പെരുമാറ്റങ്ങള്‍ക്ക് ഇരുടീമിലെയും കളിക്കാര്‍ക്ക് പിഴശിക്ഷ ലഭിച്ചിരുന്നു. 2008ല്‍ സിഡ്നിയില്‍ നടന്ന പുതുവര്‍ഷ ടെസ്റ്റാണ് ഇരുടീമുകളും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിനു സാക്ഷ്യം വഹിച്ചത്.
ഓസീസ് ഓള്‍റൗണ്ടറായിരുന്ന ആന്‍ഡ്രു സൈമണ്‍സിനെതിരേ “കുരങ്ങു’ പരാമര്‍ശം നടത്തിയതിനു ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗിനു മൂന്നു മത്സരങ്ങളില്‍ വിലക്കു വന്നിരുന്നു. ഹര്ഭജനെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന വാദം ഉന്നയിച്ച് പരമ്പര ബഹിഷ്കരിക്കാന്‍ പോലും ഇന്ത്യന്‍ ടീം ആലോചിച്ചിരുന്നു. ഏറ്റവുമൊടുവിലെ ഓസീസ് പര്യടനത്തില്‍ വിരാട് കോഹ്ലി, ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് ഐസിസി പെരുമാറ്റദൂഷ്യത്തിനു ശിക്ഷ നല്‍കിയിരുന്നു.
അവസാനം വരെ പോരാടാനും കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കാനുമാണ് സ്മിത്ത് ഓസീസ് താരങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓരോ താരവും കളിക്കാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ കളിക്കാനും പോരാട്ടം വാക്കുകളിലൂടെയായാല് അതിലും മികച്ചു നില്‍ക്കാനുമാണ് സ്മിത്ത് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ ഒതുക്കാന്‍ ഗെയിം പ്ലാന്‍ തയാറാക്കുന്നുണ്ടെന്നും സ്മിത്ത് പറഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മാത്രമല്ല, പേസര്‍മാരും ഓസീസിനു ഭീഷണിയാകും. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ നേരിടാന്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ശ്രീധരന് ശ്രീറാമിനെയും ഇംഗ്ലണ്ടിന്റെ മോണ്ടി പനേസറെയും നിയമിച്ചാണ് ഓസീസ് പരിശീലനം നടത്തുന്നത്.