ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ശല്യപ്പെടുത്തിയെന്ന കേസിൽ ഡൽഹിയിലെ നാല് വിദ്യാർഥികൾക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള രാംലാൽ ആനന്ദ് കോളജിലെ വിദ്യാർഥികൾക്കെതിരേയാണ് പോലീസ് നടപടി. ശല്യപ്പെടുത്തുന്ന വിധത്തിൽ പിന്തുടരൽ, ഭയപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കുറ്റം ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് സംഭവമുണ്ടായത്. ഇന്ദിരാ ഗാന്ധി എയർപോർട്ടിൽനിന്നു ചാണക്യപുരിയിലെ വസതിയിലേക്കു മടങ്ങിയ കേന്ദ്ര വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനിയെ ബൈക്കിൽ പിന്തുടർന്ന വിദ്യാർഥികൾ ശല്യപ്പെടുത്തിയെന്നാണ് കേസ്. നാലു പേരും മദ്യപിച്ച അവസ്ഥയിലായിരുന്നു.
മന്ത്രിക്കു നേരെ വിദ്യാർഥികൾ അശ്ലീല ആംഗ്യങ്ങളും പദപ്രയോഗങ്ങളും നടത്തിയതായും മന്ത്രി നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത പോലീസ് ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിച്ച മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് സ്നിഗ്ധ സർവരിയ, വിദ്യാർഥികൾക്കു സമൻസ് അയക്കാൻ തീരുമാനിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സംഭവത്തിൽ മന്ത്രിയോടു മാപ്പപേക്ഷ നടത്തിയിരുന്നതായി ഒരു വിദ്യാർഥി പ്രതികരിച്ചു. കാറിലുണ്ടായിരുന്നതു മന്ത്രിയാണെന്നു അറിഞ്ഞിരുന്നില്ല. സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞിട്ടു മടങ്ങവേ ഇൻസ്റ്റാഗ്രാമിൽ കൗതുകകരമായ വീഡിയോ ഉണ്ടാക്കുകയായിരുന്നു തങ്ങൾ. ഒരു കാറിനെ മറികടക്കവേയാണ് ഈ സംഭവമുണ്ടായത്. ഇക്കാര്യത്തിൽ റോഡ് നിയമങ്ങൾ പാലിച്ചില്ലെന്ന കാര്യം സമ്മതിക്കുന്നെന്നും എന്നാലത് മന്ത്രിക്കെതിരേയുള്ള ഭീഷണി വിഷയമാക്കി മാറ്റുമെന്നു കരുതിയില്ലെന്നും വിദ്യാർഥി വിശദമാക്കി.