മെൽബണ്‍: പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഐപിഎലിലും വിലക്കേർപ്പെടുത്തി. ഈ സീസണിലെ ഐപിഎലിലാണ് ഇരുവർക്കും ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്. നേരത്തെ ഇരുവരും രാജസ്ഥാന് റോയല്‍സിന്റെയും സൺറൈസേഴ്സിന്റെയും നായകസ്ഥാനം രാജിവച്ചിരുന്നു.
ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങൾക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ബിസിസിഐയും നടപടി പ്രഖ്യാപിച്ചത്. വിലക്കുകൾ വന്നതോടെ ഇരുവരുടെയും കരിയറും ചോദ്യചിഹ്നമായി. ഇരുവരുടെയും വാക്കുകേട്ട് പന്തു ചുരണ്ടാൻ നിന്ന യുവതാരം കാമറൂണ്‍ ബാൻക്രോഫ്റ്റിനും ഒൻപത് മാസത്തെ വിലക്ക് ലഭിച്ചിട്ടുണ്ട്.
ഐപിഎല്ലിന് ശേഷം ഈ വർഷം അവസാനം നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രിലേയൻ പര്യടനത്തിലും ഇരുവരും കാഴ്ചക്കാരാകേണ്ടി വരും. എന്നാൽ 2019 മേയ് അവസാനം തുടങ്ങുന്ന ലോകകപ്പിൽ ടീമിൽ ഇടം ലഭിച്ചാൽ ഇരുവർക്കും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ കഴിയും.