മെല്ബണ്: ഓസ്ട്രേലിയന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് സ്റ്റീവ് സ്മിത്തും ഓപ്പണര് ഡേവിഡ് വാര്ണറും ഐപിഎല് (ഇന്ത്യന് പ്രീമിയര് ലീഗ്) ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ഐപിഎലില്നിന്ന് വിട്ടുനില്ക്കാനായി ഇരുവര്ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ വന് തുകയുടെ കരാര് മുന്നോട്ടുവച്ചതായി സിഡ്നി മോണിംഗ് ഹെറാള്ഡ് റിപ്പോര്ട്ട് ചെയ്തു.
ഏപ്രില്, മേയ് മാസങ്ങളിലെ ഓഫ് ഡെയ്സില് താരങ്ങളെ മറ്റ് ലീഗുകളില്നിന്ന് ഒഴിവാക്കി ഫ്രഷ് ആയി നിലനിര്ത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പദ്ധതി. ഏപ്രില്, മേയ് മാസങ്ങളിലായാണ് പണക്കൊഴുപ്പിന്റെ പര്യായമായ ഐപിഎല് നടക്കുക. കളിക്കാര്ക്ക് പരിക്കേല്ക്കാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതികരണം.
സ്മിത്തിനും വാര്ണര്ക്കും പിന്നാലെ മിച്ചല് സ്റ്റാര്ക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിന്സ് തുടങ്ങിയവര്ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ കരാര് നല്കുമെന്നാണ് റിപ്പോര്ട്ട്. ഐപിഎല് ടീമുകളുടെ ക്യാപ്റ്റന്മാരായ സ്മിത്തും വാര്ണറും വര്ഷം 10 ലക്ഷം ഡോളറിലധികം ഇന്ത്യയില്നിന്ന് സമ്പാദിക്കുന്നുണ്ട്.
ഓസ്ട്രേലിയന് ക്രിക്കറ്റ് അസോസിയേഷനും ഗവേണിംഗ് ബോഡിയും തമ്മില് കളിക്കാരുടെ കരാറില് മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. തുടര്ന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ എക്സിക്യൂട്ടീവ് ജനറല് മാനേജർ പാറ്റ് ഹൊവാര്ഡ് ഐപിഎലില്നിന്നു വിട്ടുനില്ക്കുകയാണെങ്കില് താരങ്ങളുടെ കരാര് ഒരു വര്ഷത്തില് കൂടുതലാക്കുമെന്ന നിര്ദേശം ബോര്ഡിന് മുന്നില്വച്ചു.
അടുത്ത മൂന്ന് വര്ഷത്തേക്കായിരിക്കും ക്രിക്കറ്റ് ഓസ്ട്രേലിയ കരാര് പുതുക്കുക. അങ്ങനെയെങ്കില് ഓസീസ് താരങ്ങള്ക്ക് മൂന്ന് വര്ഷത്തേക്ക് ഐപിഎല് കളിക്കാനാകില്ല. ഇത് കളിക്കാര്ക്ക് സാമ്പത്തികമായി നഷ്ടമുണ്ടാക്കും. ആ നഷ്ടം നികത്തുന്ന തരത്തിലായിരിക്കും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ കരാര്.