ദുബായ്: പന്ത് ചുരണ്ടൽ വിവാദത്തിൽ വിലക്ക് നേരിടുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഓസീസ് ഡ്രസിംഗ് റൂമിൽ തിരിച്ചെത്തി. മാർച്ച് 28ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് ഇരു താരങ്ങളും വീണ്ടും ടീമിനൊപ്പം എത്തിയത്.
ഒരു വർഷത്തിനപ്പുറം മടങ്ങിയെത്തിയപ്പോൾ വാരിപ്പുണർന്നാണ് സഹതാരങ്ങൾ സ്മിത്തിനേയും വാർണറെയും സ്വീകരിച്ചത്. ദുബായ് വേദിയാകുന്ന പാക്കിസ്ഥാനെതിരായ പരന്പരയ്ക്കായി ഓസീസ് ടീം എത്തിയപ്പോഴാണ് ഇരുവരും ടീമിനൊപ്പം ചേർന്നത്.
മാർച്ച് 28ന് വിലക്ക് അവസാനിക്കാനിരിക്കേ പാക്കിസ്ഥാനെതിരായ പരന്പരയിൽ ഇരുവരെയും ഓസ്ട്രേലിയൻ സെലക്ടർമാർ ഉൾപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരന്പരയിലെ അവസാന രണ്ട് മത്സരങ്ങളും മാർച്ച് 28നുശേഷമാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇരുവരും മികവ് കാട്ടട്ടെ എന്നാണ് ഓസീസ് സെലക്ടർമാരുടെ നിലപാട്.