സ്വന്തംലേഖകന്‍
കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പ് വരെ സ്വര്‍ണക്കടത്ത് സംസ്ഥാന സര്‍ക്കാറിനെതിരേയുള്ള ആയുധമായി നിലനിര്‍ത്താന്‍ തീരുമാനിച്ച ബിജെപിയില്‍ ‘സ്മിത’വിവാദം പുകയുന്നു.
കേന്ദ്രസഹമന്ത്രി വി.മുരളീധരന് ചട്ടംലംഘിച്ച് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുപ്പിച്ച സ്മിത മേനോനെ ചൊല്ലിയാണ് ബിജെപിക്കുള്ളില്‍ തര്‍ക്കം ശക്തമായത്.
ബിജെപിയുടെ പോഷക സംഘടനകളിലൊന്നും പ്രവര്ത്തിച്ചതിന്റെപരിചയം പോലുമില്ലാത്ത സ്മിത മേനോനെ സംസ്ഥാന ഭാരവാഹിയാക്കിയതിലുള്ള എതിര്‍പ്പ് പലരും പാര്‍ട്ടിക്കുള്ളില്‍ പ്രകടിപ്പിച്ചതായാണ് വിവരം.
സമ്തിയെ മഹിളാമോര്‍ച്ചാ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് പാര്‍ട്ടിയുടെ താഴെകിടയിലുള്ള പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
പാര്‍ട്ടിയുടെ ഏതെങ്കിലും മേഖലയില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയമോ പാര്‍ട്ടി പാരമ്പര്യമോ ഒന്നുമില്ലാത്ത സ്മിതയെ സംസ്ഥാന സെക്രട്ടറിയാക്കാന്‍ ആരാണ് നിര്‍ദേശിച്ചതെന്നാണ് പൊതുചോദ്യം.
വി.മുരളീധരനെതിരേയുള്ളവര് പാര്‍ട്ടിയില്‍ ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്ക് തുടക്കം കുറിക്കാനരിക്കെയാണ് ബിജെപിയെ പുതിയ വിവാദം വേട്ടയാടുന്നത്.
എന്നാല്‍ കേന്ദ്രമന്ത്രി മുരളീധരനെതിരേയുള്ള പരാതി സംബന്ധിച്ച് പ്രധാനമന്ത്രി അന്വേഷിക്കട്ടെയെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പ്രതികരിച്ചത്. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ ശേഷമാണ് സ്മിതയെ കുറിച്ച് അറിയുന്നതെന്നും രമേശ് വ്യക്തമാക്കി.
അതേസമയം വി.മുരളീധരനെതിരേ സിപിഎം വീണ്ടും രംഗത്തെത്തി. അബുദാബി മന്ത്രിതല സമ്മേളനത്തില്‍ മഹിളാമോര്‍ച്ചാ നേതാവ് സ്മിതാമേനോനെ മാധ്യമപ്രവര്ത്തകയാക്കി പങ്കെടുപ്പിച്ചതിലൂടെ മുരളീധരന് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്.
സ്വന്തം താത്പര്യപ്രകാരം നയതന്ത്ര പരിപാടിയില്‍ മഹിളാ നേതാവിനെ കൂടെ കൂട്ടിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
വിദേശരാജ്യങ്ങളില്‍ നടക്കുന്ന നയതന്ത്ര പരിപാടികളില്‍ കേന്ദ്രസര്‍ക്കാരിന്റെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരില്‍ നിന്നു മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ. എന്നാല്‍ സ്മിത ഒരു പിആര്‍ ഏജന്‍സി ഉടമയാണെന്നും ആരോപണം ഉയരുന്നത്.