സ്വന്തം ലേഖകന്‍
കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടു വീണ്ടും പരാതി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പ്രധാനമന്ത്രിക്കും കേന്ദ്ര വിജിലന്‍സ് കമ്മീഷനും പരാതി നല്‍കിയത്.
അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തില്‍ മന്ത്രി പിആര്കമ്പനി മാനേജരും മഹിളാമോര്‍ച്ചാ സെക്രട്ടറിയുമായ സ്മിതമേനോനെ പങ്കെടുപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പരാതി.
നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്കിയ പരാതിയില്‍ മന്ത്രിക്കനുകൂല നിലപാട് സ്വീകരിച്ച് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലാണ് വീണ്ടും പരാതിയുമായി സലീം മടവൂര്‍ എത്തിയത്.
കേന്ദ്രം അനങ്ങുമോ?
കേന്ദ്രത്തിന്റെ കീഴിലാണ് സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍. പിആര്‍ കമ്പനി മാനേജര്‍ എങ്ങനെ ഇത്തരത്തിലുള്ള സുപ്രധാന യോഗത്തില്‍ എത്തിയെന്നത് സംബന്ധിച്ചുള്ള അന്വേഷണം നടക്കേണ്ടത് അത്യാവശ്യമാണ്.
പ്രോട്ടോക്കോള്‍ ലംഘനത്തിനോടൊപ്പം തന്നെ ഇതില്‍ അധികാര ദുര്‍വിനിയോഗമാണ് നടന്നത്. അത് നടക്കാന്‍ പാടില്ലാത്തതാണെന്നും സലീംമടവൂര് ‘രാഷ്ട്രദീപിക’യോട് പറഞ്ഞു. ഇത്തരത്തിലുള്ള പരാതികളില്‍ സിബിഐ സ്വീകരിക്കുന്ന നിലപാടും അന്വേഷണ രീതി സംബന്ധിച്ചും പൊതുസമൂഹത്തിന് പാഠമാക്കാമെന്നതും ലക്ഷ്യമിടുന്നുണ്ട്.
അബുദാബി സമ്മേളനം
അബുദാബിയില്‍ 2019 നവംബര്‍ ഏഴിന് നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തിലാണ് മന്ത്രി പ്രോട്ടോകോള്‍ ലംഘനവും അഴിമതിയും നടത്തി പിആര്കമ്പനി മാനേജരായ യുവതിയെ പങ്കെടുപ്പിച്ചതെന്നാണ് സലീം മടവൂര്‍ പറയുന്നത്.
ആദ്യം നല്കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിക്കു ഫോര്‍വേര്‍ഡ് ചെയ്യുകയും അവിടെ നിന്ന് അബുദാബി ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറായ പൂജാ വെര്ണേക്കിന് ഫോര്‍വേര്‍ഡ് ചെയ്യുകയുമായിരുന്നു.
അബുദാബി ഇന്ത്യന്‍ എംബസിയെ സ്വാധീനിച്ചാണ് മുരളിധരന് പ്രോട്ടോകോള്‍ ലംഘനവും അഴിമതിയും സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയത്. അതിനാല്‍ അബുദാബി ഇന്ത്യന്‍ എംബസി സംഭവത്തിലെ കുറ്റവാളികളും ആരോപണ വിധേയരുമാണ്.
എംബസി ഉദ്യോഗസ്ഥയായ പൂജാ വെര്‍ണേക്കര്‍ മന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥയാണ്. ഇവര്‍ ഞാന്‍ നല്കിയ പരാതിയില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ലെന്നു പറഞ്ഞ് പരാതി തള്ളിയത് പ്രഹസനമാണ്.
ഈ നടപടി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. കുറ്റവാളികള്‍ തന്നെ സ്വയം നിരപരാധികളാണെന്നു പ്രഖ്യാപിക്കുന്നത് ബാലിശമാണെന്നും സലീം മടവൂര്‍ അറിയിച്ചു.
സ്മിത വന്നതിൽ
സ്മിത മേനോനെ യോഗത്തില്‍ പങ്കെടുപ്പിച്ചതില്‍ ബിജെപിക്കുള്ളിലും അഭിപ്രായ ഭിന്നതകള്‍ നിലനിന്നിരുന്നു. സ്മിത മേനോനെ മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാക്കിയതുമായി ബന്ധപ്പെട്ടും തര്‍ക്കമുണ്ടായിരുന്നു. വി.മുരളീധരനെതിരേയും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേയും മറുപക്ഷം ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചിരുന്നത്.
അതേസമയം നിലവില്‍ മുളരീധരന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള കേന്ദ്രത്തിന്റെ ഉത്തരവ് മുരളീധര വിഭാഗത്തിന് ആശ്വാസം പകരുന്നതാണ്. അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പില്‍ വിഷയം വിവാദമാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.