അഞ്ചല്‍: വിസ്മയ കേസില്‍ ശക്തമായ തെളിവുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. “പ്രതിക്ക് ശിക്ഷ ഉറപ്പാണ്. ശക്തമായ അന്വേഷണമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ നടക്കുന്നത്’.
കഴിഞ്ഞ ദിവസം ശാസ്താംകോട്ടയില്‍ തൂങ്ങിമരിച്ച വിസ്മയയുടെ നിലമേലിലുള്ള വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി.
ഇലക്ട്രോണിക് തെളിവുകൾ ശേഖരിച്ചു വരുന്നു. ശക്തമായ തെളിവുകളുള്ള കേസാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഡോക്ടറുടെ മൊഴി എടുക്കും.
ഏറ്റവും ഗൗരവമുള്ള കേസായിട്ടാണ് പോലീസ് കാണുന്നത്. തക്കതായ ശിക്ഷ ഉറപ്പാക്കും. ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി കിരണിനെതിരേ ചുമത്തിയിരിക്കുന്നത്.
ഇതോടൊപ്പം തന്നെ ജനവരിയില്‍ നിലമേലിലെ വീട്ടില്‍ എത്തിയ കിരണ്‍ വിസ്മയയെയും സഹോദരനെയും മര്‍ദിച്ച സംഭവത്തില്‍ പുനരന്വേഷണവും നടത്തും.
അന്ന് പോലീസ് നല്ല രീതിയില്‍ തന്നെയാണ് കേസ് കൈകാര്യം ചെയ്തിരുന്നതെന്നും ഐജി കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെയാണ് ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വീട്ടില്‍ എത്തിയത്.
മാതാപിതാക്കള്‍ ബന്ധുക്കള്‍, നാട്ടുകാര്‍, സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികള്‍ എന്നിവരോടെല്ലാം വിവരങ്ങള്‍ ആരാഞ്ഞു. ബന്ധുക്കളുടെ വിശദമായ മൊഴിയും രേഖപ്പെടുത്തി.
നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമാണെന്നും അന്വേഷണത്തില്‍ വിശ്വാസമു ണ്ടെന്നും വിസ്മയയുടെ പിതാവ് അടക്കമുള്ള ബന്ധുക്കള്‍ പറഞ്ഞു.