സിഡ്നി: പന്തിൽ കൃത്രിമം കാണിച്ചു വിവാദത്തിൽ അകപ്പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനു വീണ്ടും തിരിച്ചടി. നായകസ്ഥാനം വഹിച്ചിരുന്ന സ്റ്റീവ് സ്മിത്തിനെ ഐസിസി ഒരു ടെസ്റ്റിൽനിന്നു വിലക്കി. മാച്ച്ഫീ മുഴുവനായി സ്മിത്ത് പിഴയൊടുക്കണം.
പന്തിൽ കൃത്രിമം നടത്തിയ കാമറൂണ്‍ ബാൻക്രോഫ്റ്റ് മാച്ച്ഫീയുടെ 75 ശതമാനം പിഴയൊടുക്കാനും ഐസിസി വിധിച്ചു. കൂടാതെ, മൂന്നു ഡീമെറിറ്റ് പോയിന്റുകളും നൽകി. ഒരു ടെസ്റ്റിൽനിന്നു വിലക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജൊഹന്നാസ്ബർഗിൽ നടക്കുന്ന നാലാം ടെസ്റ്റ് സ്മിത്തിനു നഷ്ടമാകും.
ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവം സ്മിത്ത് ഏറ്റുപറയുകയും ചെയ്തു.
വിഷയം വിവാദമായതോടെ ക്യാപ്റ്റനെ പുറത്താക്കണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേണ്‍ബുൾ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണശേഷം നടപടിയെന്നതായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ ഉടൻ നടപടി വേണമെന്ന് സർക്കാർ ശക്തമായ നിലപാട് എടുത്തതോടെ ക്യാപ്റ്റൻ രാജിവച്ചൊഴിയുകയായിരുന്നു.
ക്രിക്കറ്റ് ഓസ്ട്രേലിയ ഇരുവരുടേയും രാജി സ്ഥിരീകരിച്ചു. സ്മിത്തിനു പകരം വിക്കറ്റ് കീപ്പർ ടിം പെയ്ൻ ഓസീസിനെ നയിക്കും. ടെസ്റ്റ് മത്സരം തുടരും. സംഭവത്തെക്കുറിച്ച് ബോർഡ് അന്വേഷണം നടത്തുമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജെയിംസ് സതർലൻഡ് പറഞ്ഞു.