മെൽബണ്‍: ന്യൂസിലൻഡിനെതിരായ ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം വാർത്തകളിൽ നിറഞ്ഞത് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. അന്പയറോട് കയർത്ത് സംസാരിച്ച സ്മിത്ത് അർധസെഞ്ചുറിയുമായി പുറത്താകാതെനിന്ന് ടീമിനെ മുന്നോട്ട് നയിക്കുകയാണ്. അതേസമയം, സ്മിത്തിനെതിരേ ന്യൂസിലൻഡ് ആരാധകർ ഗാലറിയിൽ ബാനറുകളുയർത്തി.
കഴിഞ്ഞ വർഷം എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് നന്നായി ഓർമയുണ്ട്… ഐ ആം സോറി എന്ന പറഞ്ഞു കരയുന്ന സ്മിത്തിന്റെ ചിത്രം തുടങ്ങിയവയുമായാണ് കിവീസ് ആരാധകർ ഗാലറിയിലെത്തിയത്. ഫീൽഡ് അന്പയർ നീൽ ലോംഗുമായാണ് സ്റ്റീവ് സ്മിത്ത് ഉടക്കിയത്.
നീൽ വാഗ്നറുടെ ഷോർട്ട് പിച്ച് പന്ത് ഡെഡ് ബോൾ വിളിച്ചതാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. സ്മിത്തിന്റെ ദേഹത്താണ് വാഗ്നറുടെ പന്ത് കൊണ്ടത്. ദേഹത്ത് കൊണ്ട പന്തിൽ റണ്ണിനായി സ്മിത്ത് ശ്രമിച്ചപ്പോഴായിരുന്നു ലോംഗ് ഡെഡ് ബോൾ വിളിച്ചത്. പെർത്തിൽ രണ്ടിന്നിംഗ്സിലും സ്മിത്തിനെ പുറത്താക്കിയത് പേസർ നീൽ വാഗ്നറായിരുന്നു.
സ്മിത്തിന്റെ ആദ്യത്തെ റണ്ണിനുള്ള ശ്രമം വലിയ ചർച്ചയായില്ലെങ്കിലും രണ്ടാമത്തെ ഓട്ടമാണ് വിവാദപ്പോരിന് വഴിതുറന്നത്. ശരീരത്തിൽ കൊണ്ട പന്തിൽ റണ്ണിനായി സ്മിത്ത് ഓടിയപ്പോൾ നീൽ വീണ്ടും ’ഡെഡ് ബോൾ’ വിളിച്ചു. ഇതോടെ അംപയറിന് അടുത്തെത്തി സ്മിത്ത് ചൂടാവുകയായിരുന്നു. നീലിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മത്സരത്തിലെ കമൻറേറ്റർകൂടിയായ മുൻ താരം ഷെയ്ൻ വോണ്‍ രംഗത്തെത്തി.
അന്പയറുടെ തീരുമാനം തെറ്റാണ്. വൈകാരികമായി പ്രതികരിക്കാൻ സ്റ്റീവ് സ്മിത്തിന് എല്ലാ അവകാശവുമുണ്ട്. ഷോട്ട് പിച്ച് പന്തിൽ ഒഴിഞ്ഞുമാറുന്പോൾ ശരീരത്തിൽ എവിടെ തട്ടിയാലും, ഷോട്ട് കളിച്ചില്ലെങ്കിൽ കൂടിയും റണ്ണിനായി ഓടാമെന്നതാണ് നിയമം. അതിനാൽ ഉച്ചഭക്ഷണത്തിന് പിരിയുന്പോൾ നീൽ ലോംഗിന് ഇതാരെങ്കിലും പറഞ്ഞുകൊടുക്കും എന്നാണ് കരുതുന്നത് – വോണ്‍ ട്വീറ്റ് ചെയ്തു.