സർക്കാർ ജോലി എല്ലാവരുടെയും സ്വപ്നമാണ്. ഇതിനായി വർഷങ്ങളോളം കഷ്ടപ്പെടാനും ആരും മടിക്കാറില്ല.
എന്നാൽ സർക്കാർ ജോലി ലഭിക്കാൻ പഠനത്തോടൊപ്പം പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഉപേക്ഷിക്കേണ്ട ഒരു സംസ്ഥാനമുണ്ട് ഇന്ത്യയിൽ. ജാർഖണ്ഡിലാണ് ഈ നിയമം.
ലഹരിവസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിനുമായി ജാർഖണ്ഡ് സർക്കാരാണ് ഈ പുതിയ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. അതും വെറുതെ പറഞ്ഞാൽ പോരാ, രേഖാമൂലം എഴുതി നൽകണം.
സർക്കാർ ജോലിയ്ക്ക് അപേക്ഷിക്കുന്നവരും, നിലവിലെ സംസ്ഥാന ജോലിക്കാരുമാണ് പുകവലിക്കുകയോ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകേണ്ടത്.
ചീഫ് സെക്രട്ടറി സുഖ്ദിയോ സിംഗിന്റെ നേതൃത്വത്തിൽ നടന്ന പുകയില നിയന്ത്രണ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ വകുപ്പ് ഇറക്കിയ പ്രസ്താവന പ്രകാരം, ഈ വ്യവസ്ഥ 2021 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
അതിനുള്ളിൽ സർക്കാർ ജോലികളിലുള്ളവർ പുകയില ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണമെന്നും അതിൽ പറയുന്നു.
സ്കൂളുകളിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ ഗുട്ട്ക അല്ലെങ്കിൽ സിഗരറ്റ് വിൽക്കുന്ന കടയുടമകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
കോവിഡിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിലിൽ സർക്കാർ എല്ലാ പുകയില ഉൽപന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.
തുടർ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ പാൻ മസാലയുടെ നിർമാണം, വിൽപ്പന, സംഭരണം എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ മിനിസ്റ്റി. എസ് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.