സുരേന്ദ്രനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിൽ കുഴൽക്കിണറിൽ വീണ്ട പന്ത്രണ്ടുകാരിയെ അഞ്ചുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതയായി പുറത്തെത്തിച്ചു.
സുരേന്ദ്രനഗറിലെ ഗജാൻവ് ഗ്രാമത്തിലെ മനീഷ എന്ന കുട്ടി വെള്ളിയാഴ്ച പുലർച്ചെ ഏഴരയോടെയാണ് അപകടത്തിൽപ്പെട്ടത്.
അന്‍പതടിയോളം താഴ്ചയിലേക്കു പതിച്ച കുട്ടി അവിടെ കുടുങ്ങിയതായി കാമറ ഉപയോഗിച്ചുള്ള നീരീക്ഷണത്തിൽ കണ്ടെത്തി.
ഇതേത്തുടർന്ന് പൈപ്പിലൂടെ പ്രാണവായു എത്തിച്ചതിനൊപ്പം കുട്ടിയുടെ ആരോഗ്യനിലയും അനുനിമിഷം നിരീക്ഷിച്ചു.
സമാന്തരമായി സൈനികരും പ്രദേശവാസികളും ചേർന്നുള്ള രക്ഷാപ്രവർത്തനവും പുരോഗമിച്ചു.
700 അടിയോളം താഴ്ചയുള്ള കിണറിൽ നിന്ന് ഏറെ ശ്രമകരമായാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഉടൻ ആശുപത്രിയിലേക്കു മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ജൂൺ രണ്ടിന് ദ്രാൻഗദ്രയിൽ രണ്ടുവയസുള്ള ആൺകുട്ടി കുഴൽക്കിണറിൽ അകപ്പെട്ടിരുന്നു. മൂന്നുമണിക്കൂറോളം നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്.