കൊച്ചി: പൊതുസ്ഥലത്ത് പുകവലിച്ചതിനു പിടിയിലായവർ കഴിഞ്ഞ അഞ്ചു മാസത്തിനിടെ സംസ്ഥാന ഖജനാവിലേക്കു പിഴയായി നല്‍കിയത് 42.4 ലക്ഷം രൂപ. സിഗരറ്റ് ആന്‍ഡ് അതര്‍ ടുബാക്കോ പ്രോഡക്ട് ആക്ട് വകുപ്പ് 4 പ്രകാരം (സിഒടിപിഎ) പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിനെത്തുടര്‍ന്ന് പിഴയിനത്തില്‍ മാത്രം ലഭിച്ച തുകയാണിത്.
ഈ വര്‍ഷം മേയ് വരെ 23,886 പേര്‍ക്കെതിരേയാണ് ഇത്തരത്തില്‍ പിഴ ചുമത്തിയിട്ടുള്ളത്. ഇവരില്‍നിന്ന് 42,43,900 രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളത്. അതേസമയം പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് പോലീസിന്റെ കണക്കുകള്‍.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നതിന്റെ നൂറു മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയ 58 പേര്‍ക്കെതിരേയാണ് ഈ വര്‍ഷം ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍നിന്ന് 1,07,300 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. നടപടികള്‍ കര്‍ശനമാക്കിയതോടെ മലയാളികള്‍ക്കിടയിലെ പൊതുസ്ഥലത്തെ പുകവലി കുറഞ്ഞെങ്കിലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ഈ പ്രവണതയ്ക്ക് കുറവു വന്നിട്ടില്ല. ഒപ്പം പോലീസ് നിരീക്ഷണം ഇല്ലാത്ത സ്ഥലങ്ങളിലടക്കം നിരോധനം ലംഘിച്ചും പുകവലി തുടരുന്നുണ്ട്.
സിഒടിപിഎ നിയമപ്രകാരം 2,000 രൂപ വരെ ഈ കുറ്റത്തിന് പിഴ ചുമത്താമെങ്കിലും സംസ്ഥാനത്ത് ഇന്നും 200 രൂപയാണ് ഈടാക്കുന്നത്. നേരത്തേ ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 290 പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. 200 രൂപയായിരുന്ന പിഴ. നിലവില്‍ ഭാരതീയ ന്യായ സംഹിതയില്‍ വകുപ്പ് 292 പ്രകാരമാണു കേസ്. പുതിയ നിയമപ്രകാരം 1,000 രൂപ വരെ പിഴ ഈടാക്കാം.