വിയ്യൂർ: ലോക പുകയില വിരുദ്ധ ദിനം പോലീസ് അക്കാദമി സെമിനാർ ഹാളിൽ ആചരിച്ചു. കളക്ടർ ടി.വി.അനുപമ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെട്ട് കഴിയുന്ന ആളുകളാണ് കൂടുതലായി പുകയില ഉപയോഗിച്ചുവരുന്നത് കണ്ടിട്ടുള്ളത്. അത്തരം ആളുകളെ സംരക്ഷിക്കാനുള്ള സംവിധാനം പൊതുസമൂഹം കണ്ടെത്തണമെന്ന് കളക്ടർ പറഞ്ഞു.
ആരോഗ്യവകുപ്പും കേരള വളണ്ടറി ഹെൽത്ത് സർവീസസും കേരള പോലീസ് അക്കാദമിയും സംയുക്തമായാണ് പുകയില വിരുദ്ധദിനാചരണം സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ.റീന അധ്യക്ഷത വഹിച്ചു. ഡോ. ടി.വി.സതീശൻ സന്ദേശം നൽകി. ഡെപ്യൂട്ടി ഡിഎംഒ ഡോ. ബിന്ദു തോമസ്, സൂപ്രണ്ട് ഓഫ് പോലീസ് റെജി ജേക്കബ്, ഡിവൈഎസ്പിമാരായ ബി.ടി.ബാലൻ, എ.കെ.വിശ്വനാഥൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ടി.കെ.അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.
പുകയില വിരുദ്ധ സ്കൂളുകളായി വലപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ, മുടിക്കോട് ജീവൻജ്യോതി പബ്ലിക് സ്കൂൾ എന്നീ സ്കൂളുകൾ പ്രധാനാധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് പുകയില വിരുദ്ധ സ്കൂളുകളായി പ്രഖ്യാപിച്ചു. പുകയില നിയന്ത്രണ നിയമം സംബന്ധിച്ച് ഡോ. പ്രണയ് ലാൽ പ്രഭാഷണം നടത്തി.