വൈക്കം: കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്ന് യുവാവ് ചാടിയത്, തിരക്കേറിയ കംപാർട്ട്മെന്റിലിരുന്ന് പുകവലിച്ചതിന് യാത്രക്കാർ റെയിൽവേ പോലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ. ഇതിനെത്തുടർന്ന് റെയിൽവേ പോലീസും ടിടിആറും കംപാർട്ട്മെന്റിലെത്തിയിരുന്നു.
ട്രെയിനിന്റെ വാതിലിൽ നിന്നു യാത്ര ചെയ്യുകയായിരുന്ന ഇയാൾ പിന്നാലെ ചവിട്ടുപടിയിലേക്ക് അപകടകരമായ രീതിയിൽ ഇറങ്ങി നിന്നു. ഇയാൾ ലഹരിയിലായിരുന്നെന്ന് സംശയമുണ്ട്.
കൊല്ലം ചവറയിൽ എം.ബി. അൻസാർ(26) ആണ് ട്രെയിനിൽ നിന്ന് എടുത്തുചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30ന് കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന വേണാട് എക്സ്പ്രസിലായിരുന്നു സംഭവം.
ചാടാനുണ്ടായ കാരണം വ്യക്തമല്ല. പോലീസും യാത്രക്കാരും നോക്കി നിൽക്കെയാണ് ഇയാൾ ചാടിയത്. ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യുന്ന യുവാവിനോട് പോലീസ് ഉദ്യോഗസ്ഥനും ടിടിആറും അകത്തേക്ക് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല.
സംഭവത്തിന്റെ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. തുടർന്ന് അപ്രതീക്ഷിതമായി അൻസാർ ഖാൻ പുറത്തേക്ക് ചാടി. ഈ ദൃശ്യം പോലീസ് കൺട്രോൾ റൂമിലേക്ക് അയച്ചുകൊടുത്തു.
തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ പുല്ല് നിറഞ്ഞ കാടിനുള്ളിൽ നിന്ന് രാത്രിയോടെ യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചു. പോലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഇയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.