ലോകമെമ്പാടും 13-15 വയസിനിടയിലുള്ള 37 ദശലക്ഷം യുവാക്കൾ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ മേഖലയിൽ 13-15 വയസ് പ്രായമുള്ള 11.5% ആൺകുട്ടികളും 10.1% പെൺകുട്ടികളും പുകയില ഉപയോഗിക്കുന്നവരാണ്. രണ്ടാം ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ആധിക്യം 12.7% ആണ്.
ഒന്നാം സർവേയിൽ 21.4% ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതൽ 17 വയസുള്ള ചെറുപ്പക്കാരിൽ ഇതിന്റെ ഉപയോഗം നേരിയ തോതിൽ വർധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് വീക്ഷിക്കുന്നത്. മാത്രവുമല്ല, പൊതുസ്ഥലങ്ങളിലും വീടുകളിലും ഉള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്ക്രിയ പുകവലിക്ക് (secondary smoking) കാരണമാകുന്നുവെന്നു. പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു.
പ്രതിരോധശേഷി കുറയ്ക്കുന്നു
പുകവലി ശ്വാസകോശത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന വിപത്താണ്. കേരളത്തിൽ പുകയില മൂലമുള്ള മരണകാരണങ്ങളുടെ പട്ടികയില്‍ പുകയിലജന്യമായ ഹൃദ്രോഗവും വദനാര്‍ബുദവും ശ്വാസകോശാര്‍ബുദവുമാണ് മുൻപന്തിയിൽ. പുരുഷന്മാരിൽ കാണുന്ന അർബുദത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് പുകയിലജന്യമായ ശ്വാസകോശാർബുദവും രണ്ടാമത് പുകയിലജന്യമായ വദനാർബുദവുമാണ്.
ഒരു ലക്ഷത്തിൽ അയ്യായിരം പേരെ ബാധിക്കുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) എന്ന ഗുരുതര ശ്വാസകോശ രോഗത്തിന്റെ ഹേതുക്കളിൽ പ്രധാനകാരണം പുകയിലയാണ്. ഇതിനു പുറമേ പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍, ആസ്ത്മ, ക്ഷയരോഗം എന്നിവ വര്‍ധിക്കുന്നതിലും പുകയിലയുടെ പങ്ക് വളരെ വലുതാണ്.
പുകവലി നിർത്താൻ ആഗ്രഹമുണ്ടോ?
* പുകയിലയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി പുകയില ഉപയോഗം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികൾക്കും കൗൺസലിംഗും മരുന്നുകളും ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്രീയമായ ചികിത്സാ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി ടുബാക്കോ സെസേഷൻ ക്ലിനിക്കുകളുടെ സേവനം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്.
* സി.ഒ.പി.ഡി. യുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കും വേണ്ടിയുള്ള ശ്വാസ് ക്ലിനിക്കുകൾ, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകൾ, മാനസികാരോഗ്യ ക്ലിനിക്കുകൾ എന്നിവ വഴിയും സർക്കാർ ആശുപത്രികളിൽ പ്രാഥമികതലം മുതൽ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സയും കൗൺസലിംഗും ലഭ്യമാണ്.
* സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള “ദിശ”യുടെ ടോൾ ഫ്രീ നമ്പറുകളായ 1056,104 എന്നിവ പുകവലി നിർത്തുന്നവർക്കുള്ള ക്വിറ്റ് ലൈനായിക്കൂടി പ്രവർത്തിക്കുന്നു. പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്ന ആർക്കും ഈ നമ്പറുകളിൽ വിളിച്ച് ഡോക്ടർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ സേവനം തേടാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്