പെട്രോൾ പമ്പിലെ മൊബൈൽ ഫോൺ ഉപയോഗം പോലും അപകടം വരുത്തിവ യ്ക്കുമെന്ന് അറിയാത്തവരായി ആരുമില്ല. അപ്പോൾ പമ്പിൽ സിഗരറ്റ് വലിച്ചാലോ..? നിയമം ലംഘിച്ച് പമ്പിൽ നിന്ന് സിഗരറ്റ് വലിച്ച ഒരാളെ ഒരു പെട്രോൾ പന്പ് ജീവനക്കാരൻ മാതൃകാപരമായി ശിക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുകയാണ്. ബൾഗേറിയയിലെ സോഫിയായിലാണ് സംഭവം നടന്നത്.
ഏതാനും യുവാക്കൾ ഒരു കാറിൽ പെട്രോൾ പന്പിലേക്ക് വരുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം വ്യക്തമാകുന്നത്. കാറിന്റെ മുൻ വശത്ത് ഇരിക്കുന്ന ഒരാൾ സിഗരറ്റ് വലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മാത്രമല്ല കാറിന് പുറത്തിറങ്ങിയും അദ്ദേഹം സിഗരറ്റ് വലിക്കുന്നുമുണ്ടായിരുന്നു. ഈ സമയം ഓടി വരുന്ന പെട്രോൾ പന്പ് ജീവനക്കാരൻ ഫയർ എക്സിറ്റിംഗ്വിഷർ ഈ യുവാവിനു നേരെ പ്രയോഗിക്കുകയായിരുന്നു.
സിഗരറ്റ് വലിച്ച യുവാവ് ഈ ജീവനക്കാരനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് പെട്രോൾ പന്പ് ജീവനക്കാരന്റെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.