ഒന്നു സിഗരറ്റ് വലിക്കാൻ ഹോട്ടലിനു പുറത്തിറങ്ങിയ യുവാവിനു നഷ്ടം ആറു കോടി രൂപ. ജാപ്പനീസ് വ്യവസായിയുടെ ആറു കോടിയുടെ വാച്ചാണു കള്ളൻ കൊണ്ടുപോയത്. ഫാഷൻ നഗരമായ പാരീസിലാണു സംഭവം.
ഫ്രാൻസ് സന്ദർശനത്തിനെത്തിയ യുവാവ് പാരിസിലെ ഫൈവ്സ്റ്റാർ ഹോട്ടലിലാണു താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ സിഗരറ്റ് വലിക്കുന്നതിനായി യുവാവ് ആർക് ഡെ ട്രയംഫിനടുത്തുള്ള നെപ്പോളിയൻ ഹോട്ടലിൽനിന്നു പുറത്തിറങ്ങി. ഇതിനിടെ ഒരു സിഗരറ്റ് ചോദിച്ച് ഒരാൾ യുവാവിനടുത്തെത്തി. ജാപ്പനീസ് യുവാവ് പോക്കറ്റിൽനിന്നു സിഗരറ്റെടുത്തു നീട്ടുന്നതിനിടെ മോഷ്ടാവ് കൈത്തണ്ടയിൽനിന്നു വാച്ച് ഉൗരിയെടുത്ത് നൈസായി കടന്നുകളഞ്ഞു.
8.4 ലക്ഷം ഡോളർ (ഏകദേശം ആറ് കോടി രൂപ) വിലവരുന്ന റിച്ചാർഡ് മില്ലെ ടൂർബിലോണ് ഡയമണ്ട് ട്വിസ്റ്റർ വാച്ചാണു യുവാവിനു നഷ്ടപ്പെട്ടത്. രത്നങ്ങൾ പതിപ്പിച്ച അപൂർവ വാച്ചാണിത്. ഈ ഇനത്തിൽ 30 വാച്ചുകൾ മാത്രമാണു നിർമിച്ചിട്ടുള്ളത്.
പോലീസിൽ വിവരമറിയിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ല. കള്ളന്റെയെന്നു കരുതുന്ന ഫോണ്‍ സംഭവസ്ഥലത്തുനിന്നു പോലീസിനു ലഭിച്ചു. ഇതുപയോഗിച്ച് കള്ളനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു പോലീസ്.
പാരീസിലെത്തുന്ന സന്പന്നരായ സഞ്ചാരികളുടെ വിലപിടിപ്പുള്ള വാച്ചുകൾ മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഈ വർഷം മാത്രം 71 വാച്ച് മോഷണങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിൽതന്നെ നാലെണ്ണം കോടികൾ വിലയുള്ള റിച്ചാർഡ് മില്ലെ വാച്ചുകളാണെന്നും പാരീസ് പോലീസ് പറയുന്നു. ഈ വാച്ചുകൾക്കെല്ലാമായി 17 കോടി രൂപയാണ് ഏകദേശ മതിപ്പുവില.