ബിജോ ടോമി
കൊച്ചി: പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരും! ഏതൊരാളെയും ഇരുത്തിച്ചിന്തിപ്പിക്കുന്ന അർഥവത്തായ പരസ്യവാചകം. തിയറ്റർ സ്ക്രീനിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും നിത്യവും ഇതു കേട്ടിട്ടും സ്വന്തം ആരോഗ്യം പുകച്ചുതള്ളുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നതായാണു പോലീസിന്റെയും എക്സൈസിന്റെയും റിപ്പോർട്ടുകൾ.
കേരളത്തിൽ നിരോധിച്ച പാൻമസാലയടക്കമുള്ള ഉത്പന്നങ്ങൾ ഇതരസംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ ഇവിടേക്ക് എത്തുന്നത് ഉപയോഗത്തിന്റെ വർധനയാണു സൂചിപ്പിക്കുന്നത്. ഇതര സംസ്ഥാനക്കാരുടെ സാന്നിധ്യവും ഇതിൽ പ്രധാന ഘടകമാണ്.
കേരളത്തിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ഇതരസംസ്ഥാന തൊഴിലാളികളും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. മലയാളികളും കുറവല്ല.
ഒന്നേകാൽ വർഷം, 3,07,594 കേസ്
കഴിഞ്ഞ ഒന്നേകാൽ വർഷത്തിനിടെ സംസ്ഥാന പോലീസും എക്സൈസും റെയിൽവേ പോലീസും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 3,07,594 കേസുകളാണു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.
2017 ജനുവരി മുതൽ 2018 ഏപ്രിൽ വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോലീസാണ്. 2,00,562 കേസുകളാണ് ഒന്നര വർഷത്തിനിടെ പോലീസ് രജിസ്റ്റർ ചെയ്തത്. എക്സൈസ് വകുപ്പ് 96,030 പേർക്കെതിരേ നടപടിയെടുത്തു.
റെയിൽവേ രജിസ്ട്രർ ചെയ്തിരിക്കുന്നത് 11,002 കേസുകളാണ്. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം 2017 ജനുവരി മുതൽ 2018 ഏപ്രിൽ വരെയുള്ള കാലയളവിൽ കോപ്ട (സിഗരറ്റ് ആൻഡ് അദർ ടുബാകോ പ്രൊഡക്ട് ആക്ട്) പ്രകാരം 24,07,88,287 രൂപ പിഴയായി ഈടാക്കി.എറണാകുളം ജില്ലയിലാണു കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പോലീസ് 37,838 കേസുകളും എക്സൈസ് 5,069 കേസുകളും രജിസ്റ്റർ ചെയ്തു. ആകെ 42,907 കേസ്. കാസർഗോഡാണു കുറവ്. പോലീസും എക്സൈസും ചേർന്നു കാസർഗോഡ് രജിസ്റ്റർ ചെയ്തു10,045 കേസുകൾ.
നിരോധിച്ചിട്ടുംസുലഭം
നിരോധിച്ച പുകയില ഉത്പന്നങ്ങൾ മിക്കതും സംസ്ഥാനത്ത് എവിടെയും യഥേഷ്ടം ലഭ്യമാണ്. ഇതരസംസ്ഥാനങ്ങളിൽനിന്നാണ് ഇവയുടെ വരവ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറെയൊക്കെ പിടിക്കപ്പെടുന്നുണ്ടെങ്കിലും വരവിനും വിൽപനയ്ക്കും കുറവൊന്നുമില്ല.
കഴിഞ്ഞദിവസം ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു രാജസ്ഥാൻ സ്വദേശികൾ കൊച്ചിയിൽ പിടിയിലായിരുന്നു. പായ്ക്കറ്റുകളിൽ പത്തു രൂപയിൽ താഴെ മാത്രം വിലയുള്ള പാൻ ഉത്പന്നങ്ങൾ 50 രൂപ മുതൽ 100 രൂപ വരെ നിരക്കിലാണ് വിൽക്കുന്നത്.
വില എത്ര അധികമായാലും ആവശ്യക്കാരുണ്ട്. പെട്ടിക്കടകൾ കേന്ദ്രീകരിച്ചാണു പ്രധാന വിൽപന. കഞ്ചാവിന്റെ ഉപയോഗവും വർധിക്കുന്നതായാണ് കണക്കുകൾ. 2017 ജനുവരി മുതൽ 2018 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം 1999.71 കിലോഗ്രാം കഞ്ചാവാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി പിടികൂടിയത്.
കഞ്ചാവുമായി പിടിയിലാകുന്ന വിദ്യാർഥികളുടെ എണ്ണവും കൂടിവരുന്നു. കാരിയർമാരായും വിദ്യാർഥികളെ ഉപയോഗിക്കുന്നുണ്ട്. പെട്ടെന്നു പിടിക്കപ്പെടാതിരിക്കാനാണിത്. വലിയ തുക കമ്മീഷനും ഉപയോഗിക്കുന്നതിനു കഞ്ചാവും നൽകിയാണു വിദ്യാർഥികളെ വലയിലാക്കുന്നത്.
പിഴ നാമമാത്രം
പുകയില ഉത്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടു പിടിയിലാകുന്നവർക്കു ലഭിക്കുന്ന ശിക്ഷ വളരെ കുറവാണ്. വലിയ അളവിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായാലും കോപ്ട നിയമ പ്രകാരം 200 രൂപ മാത്രമാണു പിഴ ശിക്ഷ. ശിക്ഷ കുറവായത് ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും വർധിക്കാൻ കാരണമാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നിരോധിച്ച പുകയില ഉത്പന്നങ്ങൾ കടത്തുന്നതിനെതിരേ ജാഗ്രത പുലർത്തുന്നുണ്ടെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എ. നെൽസണ് പറഞ്ഞു. വലിയതോതിൽ പിടികൂടുന്നുമുണ്ട്. അതേസമയം ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയി വരുന്പോൾ സ്വന്തം ആവശ്യത്തിനും മറ്റുമായി ലഹരി ഉത്പന്നങ്ങൾ കൊണ്ടുവരുന്നതു കൂടിയിട്ടുണ്ടെന്നും ഇവരെ കൂടുതലായി നിരീക്ഷിച്ചു വരികയാണെന്നും കമ്മീഷണർ പറഞ്ഞു.