പുകവലി മൂലം ശ്വാസകോശത്തിന് അർബുദം ബാധിച്ച് മരിച്ച 66കാരൻ മരണത്തിനു മുന്പ് എഴുതിയ തന്റെ ചരമക്കുറിപ്പ് വൈറലാകുന്നു. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് തന്റെ കുടുംബത്തിന് പറഞ്ഞുകൊടുക്കാനാണ് ജെഫ്റി ട്യൂണർ ചരമക്കുറിപ്പ് എഴുതിവച്ചതിനുശേഷം മരണത്തിന് കീഴടങ്ങിയത്. തന്നെത്തന്നെ വിഡ്ഢി എന്നു വിളിച്ചാണ് ജെഫ്റി തന്റെ കുറിപ്പ് തുടങ്ങുന്നത്.
“ഒരു ദിവസം പലതവണകളായി അനേക ദിവസങ്ങളിൽ തെറ്റായ തീരുമാനമെടുത്ത വിഡ്ഢിയാണ് ഞാൻ. പുകവലി എന്നെ കൊല്ലുമെന്ന് അറിയാമായിരുന്നെങ്കിലും ആ സത്യം അംഗീകരിക്കാതെ ഞാൻ പുകവലിച്ചു. പുകവലിയിൽനിന്ന് എനിക്ക് കിട്ടിയ സംത്യപ്തി എന്റെ വീട്ടുകാർ അനുഭവിച്ച വേദനയുമായി താരതമ്യം ചെയ്യുന്പോൾ ഒന്നുമല്ല. ആ സംത്യപ്തി മൂലം എനിക്ക് സംഭവിച്ചത് ധനനഷ്ടവും കുടുംബത്തിൽനിന്നുള്ള അകൽച്ചയും ശരീരത്തിന്റെ നാശവുമായിരുന്നു.
ഞാൻ ഏറെ നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ധാരാളം ആളുകളെ സഹായിച്ചിട്ടുണ്ട്. 66-ാം വയസിലും മാന്യമായിത്തന്നെയാണ് ജീവിക്കുന്നത്. എന്നാൽ എന്റെ കുടുംബത്തിനും എന്നെ സ്നേഹിക്കുന്നവർക്കുമൊപ്പം എനിക്ക് ചെലവിടാൻ കഴിയുന്ന സമയം ഇവിടെ അവസാനിക്കുകയാണ്. അവർക്കൊപ്പം ഇനിയും ഏറെ നാഴികക്കല്ലുകൾ പിന്നിടാൻ ഉണ്ടായിരുന്നു.
എന്റെ ജീവിതകഥയുടെ ഗുണപാഠം ഇതാണ്- ഒരിക്കലും സ്വയം വിഡ്ഢിയാകാതിരിക്കുക. നിങ്ങൾ പുകവലിക്കുന്നയാളാണെങ്കിൽ ഇപ്പോൾത്തന്നെ പുകവലി അവസാനിപ്പിക്കുക. കാരണം നിങ്ങളുടെയും നിങ്ങളെ സ്നേഹിക്കുന്നവരുടെയും ജീവൻവച്ചാണ് നിങ്ങൾ കളിക്കുന്നത്’.
തന്റെ കുടുംബാംഗങ്ങൾക്കും ചികിത്സിച്ച ഡോക്ടറിനും നന്ദി പറഞ്ഞാണ് ജെഫ്റി തന്റെ മരണക്കുറിപ്പ് അവസാനിപ്പിക്കുന്നത്. ആൽബൻ ടൈംസ് യൂണിയൻ എന്ന വെബ്സൈറ്റിലാണ് ഈ ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.