ന്യൂഡൽഹി: ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്ന് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർഥിയുമായ സ്മൃതി ഇറാനിയുടെ സത്യവാങ്മൂലം. അമേഠിയിൽ മത്സരിക്കുന്ന സ്മൃതി ഇന്നലെ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡൽഹി യൂണിവേഴ്സിറ്റിക്കു കീഴിലെ സ്കൂൾ ഓഫ് ഓപ്പണ്‍ ലേണിഗിൽ നിന്ന് ബികോം ഒന്നാം വർഷം പൂർത്തിയാക്കിയെങ്കിലും മൂന്നുവർഷ കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. സ്മൃതിക്ക് ബിരുദമില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഈ സത്യവാങ്മൂലം.
മോദി അധികാരമേറ്റപ്പോൾ സ്മൃതിയെയും മന്ത്രിസഭയിലുൾപ്പെടുത്തുകയും പ്രധാനപ്പെട്ട വകുപ്പായ മാനവവിഭവശേഷി നൽകുകയും ചെയ്തിരുന്നു. എന്നാൽ, രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെയടക്കം നിയന്ത്രണമുള്ള വകുപ്പിന്റെ മന്ത്രി ബിരുദധാരിപോലുമല്ലെന്ന ആരോപണം പ്രതിപക്ഷമുയർത്തിയതോടെ വലിയ വിവാദമായി.
വിവിധ തെരഞ്ഞെടുപ്പുകളിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യത്യസ്ത സത്യവാങ്മൂലങ്ങൾ സ്മൃതി നൽകിയതും വിവാദമായിരുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരിക്കെ ഒരു ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിക്കുന്പോൾ തനിക്ക് അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിൽനിന്നുള്ള ബിരുദമുണ്ടെന്ന് സ്മൃതി പറഞ്ഞിരുന്നു. എന്തുകൊണ്ട് ഇക്കാര്യം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെ സ്മൃതിക്ക് മിണ്ടാട്ടമില്ലാതായി.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ 1996ൽ ഡൽഹി സർവകലാശാലയിൽനിന്ന് (സ്കൂൾ ഓഫ് കറസ്പോണ്ടൻസ്) ബിഎ ബിരുദം കരസ്ഥമാക്കിയെന്നാണ് സ്മൃതി വ്യക്തമാക്കിയിരുന്നത്. എന്നാൽ, 2011 ജൂലൈ 11ന് ഗുജറാത്തിൽനിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാല സ്കൂൾ ഓഫ് കറസ്പോണ്ടൻസിൽനിന്ന് ബികോം പാർട്ട് ഒന്ന് യോഗ്യത നേടിയതായാണ് പറഞ്ഞിരുന്നത്.
2014 ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പണ്‍ ലേണിംഗിൽനിന്ന് ബികോം പാർട്ട് ഒന്ന് യോഗ്യത നേടിയെന്നാണ് സ്മൃതി വ്യക്തമാക്കിയിരുന്നത്.
തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാനായി സമർപ്പിച്ച് മൂന്ന് സത്യവാങ്മൂലത്തിലും വ്യത്യസ്ത ബിരുദ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയിരിക്കുന്നതെന്നും വഞ്ചന നടത്തിയ സ്മൃതിക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഹമ്മദ് ഖാൻ എന്നയാൾ നൽകിയ ഹർജിയെത്തുടർന്ന് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച മുഴുവൻ രേഖകളും ഉടൻ ഹാജരാക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു.
സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ഡൽഹി യൂണിവേഴ്സിറ്റിയോട് കേന്ദ്ര വിവരാവകാശ കമ്മീഷൻ ആവശ്യപ്പെടുകയും തന്റെ ബിരുദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവിടരുതെന്ന് സ്മൃതി ഇറാനി നിർദേശിച്ചിട്ടുണ്ടെന്ന ഡൽഹി യൂണിവേഴ്സിറ്റിയുടെ വെളിപ്പെടുത്തലും ഏറെ വിവാദമായിരുന്നു.