വാടാനപ്പള്ളി: വെട്ടുകത്തി കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച മോഷ്ടാവിനെ ധൈര്യപൂർവം നേരിട്ട് പ്ലസ് ടു വിദ്യാർഥിനി.
തളിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. രജനിയുടെയും ഹേനന്റെയും മകൾ സ്മൃതിയാണ് ജീവൻ പണയംവച്ച് മൽപ്പിടിത്തത്തിലൂടെ മോഷ്ടാവിനെ ഒതുക്കി മോഷണശ്രമം തടഞ്ഞത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണു സംഭവം. മുൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയാണു സ്മൃതി.
പഠനമുറിക്കുള്ള സഹായം കിട്ടിയതോടെ വീടിന്റെ മുകൾഭാഗം പൊളിച്ച് പഠനമുറിയുടെ നിർമാണപ്രവർത്തനം നടന്നുവരികയാണ്. അതിനാൽ മുകൾഭാഗം വഴി ആർക്കും അകത്തേക്കു കടക്കാൻ കഴിയും.
വീടിനു പുറത്തിട്ടിരുന്ന ഹേനന്റെ മുണ്ടെടുത്തു തളപ്പാക്കി സമീപത്തെ കവുങ്ങിലൂടെ കള്ളൻ വീടിന്റെ മുകളിലേക്കു കയറി അകത്തു കടക്കുകയായിരുന്നു.
തുടർന്നു വീട്ടിലെ വെട്ടുകത്തിയെടുത്ത് ഉറങ്ങുകയായിരുന്ന സ്മൃതിയുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിച്ചു. ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്ന സ്മൃതി കള്ളന്റെ കൈയ്ക്കു കടന്നുപിടിച്ചു. മൽപ്പിടിത്തത്തിൽ മോഷ്ടാവിന്റെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി തട്ടിത്തെറിപ്പിച്ചശേഷം മോഷ്ടാവിനെ തള്ളി താഴെയിട്ടു.
ബഹളം കേട്ട് രജനിയും ഹേനനും എഴുന്നേറ്റു വന്നതോടെ മോഷ്ടാവ് വീടിനു മുകളിലേക്കു കയറി ചാടിരക്ഷപ്പെട്ടു. വെട്ടുകത്തി സമീപം കിടക്കുന്നുണ്ടായിരുന്നു. എസ്പിസി അംഗമായിരുന്നപ്പോൾ പകർന്നുകിട്ടിയ ആത്മധൈര്യത്തിലാണ് മോഷ്ടാവിനെ നേരിട്ടതെന്നു സ്മൃതി പറഞ്ഞു.
മോഷ്ടാവിനെ നേരിടുന്നതെങ്ങനെയെന്ന് പോലീസ് ഉദ്യാഗസ്ഥർ ക്ലാസെടുത്തിരുന്നു. മോഷ്ടാവിനു താടിയുണ്ടെന്നും താടിഭാഗത്താണ് കൈവച്ച് തള്ളി താഴെയിട്ടതെന്നും സ്മൃതി പറഞ്ഞു.
വീട്ടിലെ എല്ലാ മുറിയിലും മോഷ്ടാവ് പരിശോധന നടത്തിയിട്ടുണ്ട്. പഠനമുറിക്കുള്ള സഹായധനം കഴിഞ്ഞ ദിവസമാണ് വീട്ടുകാർക്കു ലഭിച്ചത്. ഈ പണം അലമാരയിൽവച്ച് പൂട്ടിയിരുന്നതിനാൽ പണം നഷ്ടപ്പെട്ടില്ല.
സമീപത്തെ മറ്റു വീടുകളിലും മോഷണശ്രമം ഉണ്ടായി. ഈ സമയത്തു മേഖലയിൽ വൈദ്യുതി നിലച്ചിരുന്നു. വിവരം അറിയിച്ചതോടെ പുലർച്ചെത്തന്നെ വാടാനപ്പള്ളി പോലീസ് എത്തി അന്വേഷണം നടത്തി.