കടുത്തുരുത്തി: മകളുടെ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലൂടെ തങ്ങള്ക്കു നീതി ലഭിക്കണമെന്ന് ഡോ. വന്ദനയുടെ മാതാപിതാക്കള് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു.
നീചമായ കുറ്റകൃത്യം നടത്തിയ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കണം. ഇനിയൊരു കുടുംബത്തിനും ഈ ദുര്ഗതി വരരുതെന്നും വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്ദാസും വസന്തകുമാരിയും മന്ത്രിയോട് ആവശ്യപ്പെട്ടു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ മുട്ടുചിറയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോടാണു മാതാപിതാക്കള് ഈ ആവശ്യം ഉന്നയിച്ചത്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് സ്മൃതി ഇറാനി നമ്പിച്ചിറക്കാലായിലെ വീട്ടിലെത്തിയത്.
നിലവില് ക്രൈം ബ്രാഞ്ച് അന്വേഷണമാണ് വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്നത്. കേസിന്റെ കാര്യങ്ങള് വന്ദനയുടെ കുടുംബം മന്ത്രിയുമായി വിശദമായി സംസാരിച്ചു.
ആശുപത്രിയില് വന്ദനയ്ക്കു നേരെ പ്രതി ആക്രമണം നടത്തുന്ന സമയത്ത് പോലീസിനും മറ്റു ജീവനക്കാര്ക്കുമുണ്ടായ വീഴ്ചകളും കുടുംബം മന്ത്രിക്കു മുന്നില് വിവരിച്ചു.
കേസുമായി ബന്ധപ്പെട്ടുള്ള കുടുംബത്തിന്റെ രക്ഷിതാക്കള് മന്ത്രിയുമായി പങ്കുവച്ചു. വന്ദനയുടെ കാര്യങ്ങള് പറയുന്നതിനിടെ വിങ്ങിപ്പൊട്ടിയ മാതാപിതാക്കള്ക്കു മുന്നില് ഒരുനിമിഷം മന്ത്രിയും നിശബ്ദയായി.
അരമണിക്കൂറോളം വീട്ടില് ചെലവഴിച്ച സ്മൃതി ഇറാനി വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. വീടിനു മുന്നിലെ വന്ദനയുടെ സ്മൃതിമണ്ഡപത്തില് പൂക്കള് അര്പ്പിച്ച ശേഷമാണ് സ്മൃതി ഇറാനി മടങ്ങിയത്.
കേന്ദ്രമന്ത്രി വി. മുരളീധരന്, ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്ലാല് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.