ലോകം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും സ്ത്രീകൾ ഒരിക്കലും ഇവിടെ സുരക്ഷിതരല്ല. ഇരുട്ട് പരന്നാൽ ഒറ്റയ്ക്ക് പുറത്ത് ഇറങ്ങൻ പോലും സ്ത്രീകൾക്ക് സാധിക്കില്ല. വീണ്ടും അത് തെളിയിക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സ്മൃതി കണ്ണൻ എന്ന യുവതി താൻ ഊബറിൽ യാത്ര ചെയ്ത സമയത്തെ ഒരു ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് പോസ്റ്റിൽ. ‘നിങ്ങളുടെ പ്രൈവസി സെറ്റിംഗ്സ് എത്ര മോശമാണ്? ഒരു ഊബർ ഡ്രൈവർ എനിക്ക് വാട്ട്സ്ആപ്പിൽ മെസേജ് അയക്കുകയും വിചിത്രമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഇവിടെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണ്’ എന്ന കാപ്ഷനോടെയാണ് യുവതി പോസ്റ്റ് പങ്കുവച്ചത്.
എന്നെ ഓർമയുണ്ടോ എന്നൊരു മെസേജ് ആണ് തനിക്ക് വന്നത് എന്ന് തുടങ്ങിക്കൊണ്ടാണ് യുവതിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. തനിക്ക് വാട്സ്ആപ്പിൽ വന്ന മെസേജിന്റെ സ്ക്രീൻഷോട്ട് ആണ് ഇവർ ഷെയർ ചെയ്തിരിക്കുന്നത്.
മറുപടി ആയി യുവതി ആയാളോട് ഇല്ലന്ന് പറഞ്ഞു. ‘ഊബറിൽ ഒരു ദിവസം നിങ്ങളുടെ വീട്ടിൽ നിന്നും ഇടപ്പള്ളിയിൽ ഡ്രോപ്പ് ചെയ്തില്ലേ’ എന്നയാൾ അടുത്ത ഉത്തരമെന്നോണം പറഞ്ഞു.
കതൃക്കടവിൽ നിന്നും ഇടപ്പള്ളിയിലാണ് ഞാൻ നിങ്ങളെ ആക്കിയത്, നെയിൽസ് ഷോപ്പിനടുത്താണ് വിട്ടത് എന്നെല്ലാം ഡ്രൈവർ പിന്നേയും മെസേജ് അയച്ചു. അതോടെ, സ്മൃതി തിരിച്ച് എന്തിനാണ് എനിക്ക് മെസേജ് അയക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്.
‘ഒന്നുമില്ല, നിങ്ങൾ ഏത് സ്പ്രേയാണ് ഉപയോഗിക്കുന്നത് എന്ന് പറയാമോ’ എന്നാണ് ഡ്രൈവറുടെ ചോദ്യം. ബ്ലോക്ക് ആക്കുകയാണ് എന്നാണ് സ്മൃതി മറുപടി നൽകുന്നത്. ബ്ലോക്ക് ആക്കിക്കോ എന്ന് ഇയാൾ മറുപടി നൽകിയിരിക്കുന്നതും യുവതി ഇയാളെ ബ്ലോക്ക് ചെയ്തിരിക്കുന്നതും കാണാം.