അംറേലി: ഗുജറാത്തിലെ അംറേലിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കവെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരേ വളകളെറിഞ്ഞ് പ്രതിഷേധം. വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വളയെറിഞ്ഞ ഖേതൻ കാശ്വാലയെ (20) പോലീസ് പിടികൂടി. മോദി സർക്കാർ മൂന്ന് വർഷം പൂർത്തീകരിച്ചതിന്റെ ആഘോഷപരിപാടികളിൽ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. വേദിയിൽ നിന്ന് അകലെയായുള്ള ഇരിപ്പിടത്തിൽ നിന്ന് ഖേതൻ പെട്ടെന്ന് എഴുന്നേറ്റ് മൂന്നു വളകൾ സ്മൃതി ഇറാനിക്ക് നേരേ എറിയുകയായിരുന്നുവെന്നു പോലീസ് പറയുന്നു.
അംറേലി ജില്ലയിലെ മോട്ട ബന്ദാരിയ പ്രദേശത്തുകാരനാണ് ഖേതൻ. വളയെറിഞ്ഞതിലൂടെ കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്ന് പ്രതീകാത്മകമായി ആവശ്യപ്പെടുകയായിരുന്നു കേതൻ എന്നാണ് പ്രദേശത്തെ കോണ്ഗ്രസ് നേതാവ് അവകാശപ്പെടുന്നത്.എന്നാൽ ഖേതനെ പിടിച്ച പോലീസുകാരോട് അയാളെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കൂ എന്നു മന്ത്രി പറഞ്ഞു. മാത്രമല്ല അദ്ദേഹം വളയെറിയട്ടെ എന്നും താനത് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സമ്മാനമായി നൽകാമെന്നും സ്മൃതി ഇറാനി മൈക്കിലൂടെ പോലീസുകാരോട് വിളിച്ചു പറഞ്ഞു.