ന്യൂഡല്‍ഹി: മകളെ പരിഹസിച്ച സഹപാഠിയ്ക്ക് ചുട്ട മറുപടി കൊടുത്ത് സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം മകള്‍ സോയിഷിനൊപ്പമുള്ള ഒരു ചിത്രം സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ചിത്രം നീക്കം ചെയ്തു. ഇതിനു കാരണമെന്തെന്ന് പറഞ്ഞിരിക്കുകയാണ് കേന്ദ്രമന്ത്രി. ചിത്രത്തിലെ മകളുടെ ലുക്കിനെക്കുറിച്ച് സഹപാഠികളില്‍ ഒരാള്‍ കളിയാക്കിയെന്നും അതേത്തുടര്‍ന്നാണ് ചിത്രം ഡിലീറ്റ് ചെയ്തതെന്നും സ്മൃതി വ്യക്തമാക്കി.
”മകള്‍ക്കൊപ്പമുളള സെല്‍ഫി ഞാന്‍ കഴിഞ്ഞ ദിവസം ഡിലീറ്റ് ചെയ്തു, കാരണം അവളുടെ സഹപാഠിയുടെ പരിഹാസത്തെ തുടര്‍ന്നാണ്. ഒരു സഹപാഠി എന്റെ മകളുടെ ലുക്കിനെക്കുറിച്ചും, ‘അമ്മ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അവളുടെ മുഖം എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നോക്കൂ” എന്നും പറഞ്ഞ് സഹപാഠി അവളെ കളിയാക്കി. ഇതേത്തുടര്‍ന്ന് അവള് എന്റെ അടുത്ത് വന്നു ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാനത് ചെയ്തു, കാരണം അവളുടെ കണ്ണുനീര് എനിക്ക് കാണാനാവില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചു, ഞാന്‍ ഫോട്ടോ ഡിലീറ്റ് ചെയ്തത് ഇത്തരക്കാര്‍ക്ക് കൂടുതല്‍ ധൈര്യം പകരും. അതിനാലാണ് മകളുടെ ചിത്രം വീണ്ടും പോസ്റ്റ് ചെയ്തത്,” സ്മൃതി ഇറാനി കുറിച്ചു.
മകളെ കളിയാക്കിയ സഹപാഠിക്ക് നല്ല മറുപടി കൊടുക്കാനും സ്മൃതി ഇറാനി മറന്നില്ല. ”എന്റെ മകള്‍ നല്ലൊരു കായികതാരമാണ്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിട്ടുണ്ട്, കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റുണ്ട്, രണ്ടു തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. അവള് സ്നേഹനിധിയും ഒപ്പം സുന്ദരിയുമാണ്. നിങ്ങള്‍ എത്രവേണമെങ്കിലും പരിഹസിച്ചോളൂ, അവള് തിരിച്ചടിക്കും. അവള് സോയിഷ് ഇറാനിയാണ്. അവളുടെ അമ്മയായതില്‍ ഞാന്‍ അഭിമാനിക്കുന്നു,”
സ്മൃതി ഇറാനിയുടെ പോസ്റ്റിന് നിരവധി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേര് സ്മൃതിക്ക് പിന്തുണ അറിയിച്ച് കമന്റും ചെയ്തിട്ടുണ്ട്. മകളുടെ ചിത്രങ്ങള്‍ സ്മൃതി ഇറാനി ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ചാണ് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനി വിജയിച്ചു കയറിയത്.