ലക്നോ: ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂര പീഡനത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രതികളെ ഉടൻ തൂക്കിലേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്മൃതി പറഞ്ഞു.
പെൺകുട്ടിയുടെയും കുടുംബത്തിന്റെയും നീതി ഉറപ്പുവരുത്തും. ഇതിനായി ഫാസ്റ്റ് ട്രാക്ക് വിചാരണ കോടതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നൽകിയതായും സ്മൃതി അറിയിച്ചു.
പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണം നടത്താത്തതിൽ സ്മൃതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. നിര്‍ഭയ കൂട്ടബലാത്സംഗം നടന്ന സമയത്ത് സ്മൃതി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് രംഗത്തെത്തിയത്.