തിരുവനന്തപുരം: വയനാട് മണ്ഡലത്തിൽ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളികൾക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം ലഭ്യമാക്കിയെന്ന പ്രചാരണം തെറ്റെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം നടന്നതായി പറയുന്ന കരുവാരക്കുണ്ടിൽ അന്വേഷണം നടത്തിയതായും അവിടെ തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കാത്ത പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
വയനാട് മണ്ഡലത്തിൽപ്പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികൾക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം നൽകി എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടു. അതേത്തുടർന്ന് അവിടെ അന്വേഷണം നടത്തി.
കരുവാരക്കുണ്ടിലെ ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികൾ ചേലേങ്കര അഫ്സൽ എന്നയാളുടെ ക്വാർട്ടേഴ്സിൽ താമസിക്കുന്നുണ്ട്. അവർക്ക് വേണ്ട ഭക്ഷ്യവസ്തുക്കൾ ക്വാർട്ടേഴ്സ് ഉടമയും ഏജന്റും എത്തിച്ചു നൽകിയിരുന്നു.
കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് ഭക്ഷണം എത്തിച്ച് നൽകാമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചുവെങ്കിലും അവർ പാചകം ചെയ്ത് കഴിച്ചോളാമെന്ന് പറഞ്ഞതിനെത്തുടർന്ന് അവർക്ക് 25 കിറ്റുകൾ നൽകി. അവർക്ക് ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അത്തരമൊരു പരാതിയും വന്നിട്ടില്ല.
ആ സാഹചര്യത്തിൽ സ്മൃതി ഇറാനി ഭക്ഷണം നൽകിയെന്ന വാർത്ത വ്യാജപ്രചാരണം എന്ന നിലയിൽ അവഗണിക്കുകയായിരുന്നു. എന്നാൽ “വയനാട്ടിൽ സഹായം എത്തിച്ച് സ്മൃതി, അമേഠിയിൽ സഹായവുമായി രാഹുലും’ എന്നൊരു വാർത്ത ഡൽഹിയിൽ നിന്നു വന്നതുകണ്ടു.
സമൃതി ഇറാനിയുടെ സമയോചിതമായ ഇടപെടൽമൂലം പട്ടിണിക്കാരായ തൊഴിലാളികൾക്ക് ഭക്ഷണം എത്തിയെന്ന വാർത്ത ആർഎസ്എസ് മാധ്യമമായ ഓർഗനൈസറിലൂടെയും പ്രചരിപ്പിക്കുന്നതു കണ്ടു.
സംസ്ഥാനത്ത് തൊഴിലാളികൾക്കും പ്രയാസപ്പെടുന്ന എല്ലാവർക്കും അർഹിക്കുന്ന സഹായങ്ങൾ എല്ലാവരും യോജിച്ച് നൽകുന്നുണ്ട്. അതിന് ഭംഗം വരുന്ന രീതിയിലോ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലോ ഉള്ള പ്രചാരണം ഉണ്ടാകരുത്. അതിൽ നിന്ന് എല്ലാവരും മാറി നിൽക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.