നിയാസ് മുസ്തഫ
വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രിയും അമേത്തിയിൽ രാഹുൽഗാന്ധിയുടെ എതിരാളിയുമായ സ്മൃതി ഇറാനി വയനാട്ടിലെത്തുമെന്ന് ബിജെപി നേതാക്കൾ സൂചന തരുന്നു. സ്മൃതിയുടെ കേരളത്തിലെ പ്രധാന പ്രചാരണ പരിപാടി വയനാട്ടിലായിരിക്കും. റോഡ് ഷോ ഉൾപ്പെടെ പരിഗണനയിലാണ്.
രാഹുൽഗാന്ധി പ്രതിനിധാനം ചെയ്യുന്ന അമേത്തി മണ്ഡലത്തിലെ പിന്നോക്കാവസ്ഥ വയനാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും സ്മൃതി വയനാട്ടിലെത്തുക. സ്മൃതിയുടെ സന്ദർശനം ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാനു ള്ള ഒരുക്കത്തിലാണ്.അതേസമയം, എഐസിസി ജനറൽ സെക്രട്ടറിയും കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുമുള്ള പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര കോൺഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ വിമർശനവുമായി സ്മൃതി ഇറാനി രംഗത്തുവന്നിട്ടുണ്ട്.
റോബർട്ട് വദ്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്നു. ജനങ്ങളോട് എനിക്ക് മുന്നറിയിപ്പ് നൽകാനുള്ളത് നിങ്ങളുടെ ഭൂമി നഷ്ടപ്പെടാതെ നോക്കണമെന്നാണ്- സ്മൃതി ഇറാനി വിമർശിക്കുന്നു. പ്രിയങ്ക ഗാന്ധിക്ക് പിന്തുണയുമായാണ് റോബർട്ട വദ്രയും പ്രചാരണപ്രവർത്തനങ്ങൾക്ക് ഇറങ്ങാൻ തീരുമാനിച്ചത്. സോണിയ ഗാന്ധിക്കും രാഹുൽഗാന്ധിക്കുമൊപ്പം പ്രചാരണത്തിന് അമേത്തിയിലും റായ്ബറേലിയിലും പോകുമെന്ന് റോബർട്ട് വദ്ര പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സാന്പത്തിക ക്രമക്കേട് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി റോബർട്ട് വദ്ര നേരിടുന്നുണ്ട്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് റോബർട്ട് വദ്രയുടെയും കോൺഗ്രസിന്റെയും നിലപാട്.അതേസമയം, അമേത്തി മണ്ഡലത്തിൽ പൂർണമായി ശ്രദ്ധയൂന്നിയുള്ള പ്രവർത്തനവുമായി സ്മൃതി ഇറാനി രാഹുൽഗാന്ധിക്ക് ശക്തമായ വെല്ലുവിളി ഉയർത്താനുള്ള അക്ഷീണ പരിശ്രമത്തിലാണ്.
അമേത്തിയോടൊപ്പം ഇത്തവണ വയനാട്ടിലും രാഹുൽഗാന്ധി മത്സരിക്കുന്നതിനെ വോട്ടാക്കി മാറ്റാനുള്ള കഠിനശ്രമത്തിലാണ് അവർ. അമേത്തിയിൽനിന്ന് രാഹുൽ പേടിച്ചോടിയെന്ന തരത്തിലുള്ള പ്രചാരണവുമായി മുന്നേറുന്ന സ്മൃതി നാടുവിട്ട എംപിയിൽ നിന്ന് അമേത്തിയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും വ്യക്തമാക്കുന്നു. താൻ അമേത്തിയിൽ ബിജെപി സ്ഥാനാർഥി ആയി വീണ്ടുമെത്തിയതോടെ പരാജയഭീതി മൂലം രാഹുൽ ഗാന്ധി സുരക്ഷിത മണ്ഡലം തേടി കേരളത്തിലേക്ക് പോയെന്നാണ് സ്മൃതിയുടെ പ്രചാരണം.