ലക്നൗ: ഉത്തര്‍പ്രദേശിലെ അമേഠിയിലെ മുന്‍ ഗ്രാമതലവനും ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുമായിരുന്ന ആള്‍ വെടിയേറ്റു മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സുരേന്ദ്ര സിങ് എന്നയാളെ വീട്ടില്‍ വെടിയേറ്റനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെന്നും സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അമേഠി എസ്പി രാജേഷ് കുമാര്‍ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിങ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സ്മൃതി ഇറാനിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് സുരേന്ദ്ര സിങ് സ്ഥാനമൊഴിഞ്ഞത്. 15 വര്‍ഷം തുടര്‍ച്ചയായി അമേഠി എംപിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തി അവിടെ ജയിച്ച സ്മൃതി ഇറാനിയുടെ വിജയത്തില്‍ സുരേന്ദ്ര സിങ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പൊതുയോഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ബിജെപി നേതൃത്വത്തിന്റെ ഉള്‍പ്പെടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.