അധികാരം നിലനിര്‍ത്തുന്നതിനായി വോട്ട് പിടിക്കാനുള്ള ഒരവസരവും പാഴാക്കാതെയുള്ള നീക്കങ്ങളാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ ബിജെപി നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേത്തിയില്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേത്തിയിലെ വനിതാ വോട്ടര്‍മാര്‍ക്ക് മുഴുവന്‍, ദീപാവലി പ്രമാണിച്ച് സാരി വിതരണം ചെയ്തുകൊണ്ടാണ് സ്മൃതി രംഗത്തെത്തിയിരിക്കുന്നത്.
ഇതിനുള്ള ഏര്‍പ്പാടുകളെല്ലാം പൂര്‍ത്തിയായിരിക്കുകയുമാണ്. 10,000 സാരികളാണ് വനിതാപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി അമേത്തിയിലെത്തുന്നത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും തനിക്ക് വോട്ടു ചെയ്ത വനിതകള്‍ക്കായി സ്മൃതി ഇറാനി സാരികളെത്തിച്ച് നന്ദിയും സന്തോഷവും പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയെങ്കിലും ബിജെപിയ്ക്ക് വോട്ടുനില ഏറെ മെച്ചപ്പെടുത്താനായി. സ്മൃതി ഇറാനിയ്ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും സ്മൃതി അമേത്തിയിലെ ജനങ്ങളുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്നത് തുണയാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ദീപാവലി ആഘോഷത്തിന് പാര്‍ട്ടിയുടെ വനിതാപ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കി അവരെ സന്തോഷിക്കുന്നതിനൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും കൂടിയാണിതെന്ന് മന്ത്രിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അമേത്തിയില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കാന്‍ ഏറ്റവും ശക്തയും സ്വാധീനവുമുള്ള പ്രവര്‍ത്തകയാണ് സ്മൃതിയെന്ന് പാര്‍ട്ടി നേതാവ് ഉമാശങ്കര്‍ പാണ്ഡേ പറഞ്ഞു.
2014 ലെ അമേത്തിയില്‍ സ്മൃതി ഇറാനിയ്ക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയതും പാര്‍ട്ടിയില്‍ സ്മൃതിക്കുള്ള സ്വാധീനം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയ്ക്ക് തന്നിലുള്ള വിശ്വാസം കൂടുതലുറപ്പിക്കാന്‍ സ്മൃതിയ്ക്ക് സാധിച്ചു.
തിരഞ്ഞെടുപ്പ് പ്രചരണഭാഗമായി മോദിയുടെ നിയോജകമണ്ഡലമായ വാരണാസിയില്‍ രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ദീപാവലിക്കു ശേഷം പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി സ്മൃതി അമേത്തിയിലെത്തുമെന്നാണ് ഔദ്യോഗികവിവരം. തിരഞ്ഞെടുപ്പ് വിജയത്തിനായി ഇരുമുന്നണികളും നിരവധി തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്.