ശബരിമല വിഷയത്തില്‍ അഭിപ്രായം പറഞ്ഞ് പുലിവാല് പിടിച്ച അനേകരില്‍ പ്രധാനിയാണ് കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി. അതിന്റെ പേരില്‍ നിര്‍ദയം എന്നവണ്ണം അവര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. സഹിക്ക വയ്യാതായപ്പോള്‍ ഇക്കാര്യത്തില്‍ മറ്റൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുന്‍ അഭിനേത്രി കൂടിയായ സ്മൃതി ഇറാനി.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സ്മൃതി ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുന്നത്. വിമര്‍ശകരെ വായടപ്പിച്ചുള്ള പ്രതികരണമാണ് സ്മൃതി ഇറാനിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കൂടുതലൊന്നും അവര്‍ പറയുന്നില്ല. ഒരു ഫോട്ടോയും ഒരു കുറിപ്പും മാത്രം. നിമിഷ നേരം കൊണ്ട് ഒട്ടേറെ പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്.
കൈകാലുകളും ശരീരവും ഒരു കസേരയില്‍ കെട്ടി, സംസാരിക്കാന്‍ പറ്റാത്ത തരത്തില്‍ മയങ്ങി ഇരിക്കുന്ന സ്വന്തം ചിത്രമാണ് സ്മൃതി ഇറാനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്മൃതി ഇറാനി മുമ്പ് അഭിനയിച്ച സീരിയലിലെ ഒരു രംഗമാണിത്. ചിത്രത്തിനൊപ്പം ചെറിയ കുറിപ്പും അവര്‍ നല്‍കി. ഞാന്‍ സംസാരിച്ചാല്‍ അവര്‍ പറയും വലിയ വായില്‍ സംസാരിക്കുന്നുവെന്ന്…എന്ന് മാത്രമാണ് ചിത്രത്തിനൊപ്പമുള്ളത്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്താണ് കേന്ദ്രമന്ത്രി ആദ്യം രംഗത്തുവന്നത്. ആര്‍ത്തവ രക്തത്തില്‍ മുക്കിയ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടില്‍ പോകുമോ, പിന്നെന്തിനാണ് ദേവാലയത്തില്‍ പോകുന്നത് എന്ന സ്മൃതി ഇറാനിയുടെ പ്രതികരണമാണ് തുടക്കത്തില്‍ വിവാദമായത്.
എന്നാല്‍ ശബരിമലയെ കുറിച്ചോ മറ്റു വിവാദങ്ങളോ പുതിയ ട്വീറ്റില്‍ സ്മൃതി പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ നിലവിലെ വിവാദത്തിനുള്ള മറുപടിയാണിതെന്ന് വ്യക്തമാകുകയും ചെയ്യും. പതിനായിരത്തിലധികം പേര്‍ നിമിഷ നേരം കൊണ്ട ട്വീറ്റിനോട് പ്രതികരിച്ചു. എന്താണ് താങ്കള്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. നിങ്ങളുടെ വാക്കുകള്‍ക്ക് വ്യത്യസ്ത അര്‍ഥമാണിവിടെ നല്‍കുന്നതെന്ന് ചിലര്‍ പ്രതികരിച്ചു.
മാഡത്തിന്റെ നര്‍മബോധത്തിന് മുന്നില്‍ നമസ്‌കരിക്കുന്നുവെന്നാണ് മറ്റു ചിലരുടെ പ്രതികരണം. എന്നാല്‍ സ്ത്രീകളെ മോശക്കാരാക്കി ചിത്രീകരിക്കുന്ന നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും ആര്‍ത്തവം അശുദ്ധിയായി കാണുന്നത് ശരിയല്ലെന്നുമാണ് ചിലര്‍ കുറിച്ചത്.
ആരാധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അശുദ്ധമാക്കാനുള്ള അവകാശമില്ല. ഇത് സാമാന്യബോധമുണ്ടാകേണ്ട വിഷയമാണ്. സുപ്രീംകോടതി വിധിയില്‍ അഭിപ്രായം പറയുന്നില്ല. അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.