മനം മയക്കുന്ന പുഞ്ചിരി കൊണ്ട് ആരാധകരെ കീഴടക്കിയ വനിതാ ക്രിക്കറ്ററാണ് സ്മൃതി മന്ദാന. റണ്‍സുകള്‍ വാരിക്കൂട്ടിയശേഷം ഹെല്‍മറ്റുയര്‍ത്തിയുള്ള ആ ചിരിയായിരുന്നു ആരാധകരുടെ സമനില തെറ്റിച്ചത്. ലോകകപ്പില്‍ ഫൈനലില്‍ തോറ്റെങ്കിലും ക്യാപ്റ്റന്‍ മിതാലിയ്ക്കും സ്മൃതിയ്ക്കും ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനുമുള്ള ആരാധക പിന്തുണ ഒട്ടും കുറഞ്ഞിട്ടില്ല. താരങ്ങളായതോടെ സ്മൃതിയുടേയും മിതാലിയുടേയുമൊക്കെ വിശേഷങ്ങളറിയാനും ആരാധകര്‍ വെമ്പുകയാണ്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയ താരങ്ങള്‍ക്ക് വന്‍ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. ഇതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ സ്മൃതി തന്റെ മനസു തുറന്നു. കുട്ടിക്കാലത്തെ കുറിച്ചും ക്രിക്കറ്റിനെ കുറിച്ചുമെല്ലാം വാതോരാതെ തന്നെ സംസാരിക്കുകയും ചെയ്തു.
കുട്ടിക്കാലത്ത് ലെഫ്റ്റ് ഹാന്‍ഡിംഗ് ബാറ്റിംഗും റൈറ്റ് ഹാന്‍ഡിംഗ് ബാറ്റിംഗും തമ്മിലുള്ള വ്യത്യാസം തനിക്കറിയില്ലായിരുന്നു എന്നാണ് സ്മൃതി പറയുന്നത്. റൈറ്റ് ഹാന്‍ഡ് ബാറ്റ് ചെയ്തിരുന്ന താന്‍ ചേട്ടന്‍ ശ്രവണിനെ കണ്ടാണ് ലെഫ്റ്റ് ഹാന്‍ഡ് ആയതെന്നാണ് മന്ദാന പറയുന്നത്. ടൂര്‍ണമെന്റിന്റെ അവസാന മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രാജ്യത്തെ വനിതാ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ ലോകകപ്പ്, നേട്ടമായി തന്നെയാണ് സ്മൃതി കാണുന്നത്. ലോര്‍ഡ്‌സില്‍ കളിക്കുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും സ്മൃതി പറയുന്നു. ചിരി കൊണ്ട് ആരാധകരെ മയക്കിയ സ്മൃതി, വാക്കുകള്‍ കൊണ്ടും ആളുകളെ കൈയ്യിലെടുക്കാന്‍ മിടുക്കിയാണെന്ന് തെളിയിച്ചു. പഠനത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മന്ദാനയുടെ രസകരമായ മറുപടി. ‘കഴിഞ്ഞ മൂന്ന് കൊല്ലമായി ഞാന്‍ ഫസ്റ്റ് ഇയറില്‍ തന്നെയാണ് പഠിക്കുന്നത്.’ എന്നായിരുന്നു താരത്തിന്റെ മറുപടി. മന്ദാനയുടെ ഉത്തരം കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കവെ താന്‍ തോറ്റതല്ലെന്നും മറിച്ച് എക്സാം എഴുതാന്‍ കഴിയാത്തതാണ് തുടര്‍ച്ചയായി ഒരു ക്ലാസില്‍ പഠിക്കാന്‍ കാരണമായതെന്ന് വിശദീകരിക്കുകയും ചെയ്തു. ചിരിയടക്കാന്‍ പാടുപെടുന്ന മാധ്യപ്രവര്‍ത്തകരെയാണ് പിന്നീട് കണ്ടത്.