പ്രമുഖ വ്യക്തിത്വങ്ങള്‍ ഒരു ഓണ്‍ലൈന്‍ അക്കൗണ്ട് തുടങ്ങുന്നത് പോലും വാര്‍ത്തയാവാറുണ്ട്. ഇത്തരത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും അതില്‍ അവര്‍ ആദ്യമായി പോസ്റ്റ് ചെയ്ത ഫോട്ടോയുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. വളര്‍ത്തുമകള്‍ ഷാനെല്ലയുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സ്മൃതി ഇറാനിയുടെ ഇന്‍സ്റ്റഗ്രാം രംഗപ്രവേശം. കുടുംബത്തിലെ ഒരാളുടെ അഭാവം വല്ലാതെ അറിയുന്നു എന്ന കുറിപ്പോടെയായിരുന്നു സ്മൃതി ഇറാനിയുടെ പോസ്റ്റ്. സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനിയുടെ ആദ്യ ഭാര്യയിലുള്ള മകളാണ് ഷാനെല്ല.
ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കവേയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ രംഗത്തെത്തിയത്. വലിയൊരു രഹസ്യം വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹമവിടെ. എന്റെ കൂട്ടുകാരന്‍ സുബിന്റെ മകള്‍ ഇപ്പോള്‍ വളര്‍ന്ന് സുന്ദരിയായി. നിങ്ങള്‍ അറിയാന്‍ ഒരു കാര്യം പറയട്ടെ അവള്‍ക്ക് ഷാനെല്ല എന്ന പേരിട്ടത് ഞാന്‍ ആണെന്നായിരുന്നു ഷാരുഖിന്റെ കുറിപ്പ്. ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ഷാരൂഖിന്റെ പോസ്റ്റിന് കിട്ടിയത്. അതിലൊന്ന് ഷാനെല്ലെയുടേത് തന്നെയായിരുന്നു. നന്ദി, ഷാരൂഖ്, പതിവുപോലെ നിങ്ങളിപ്പോഴും സ്‌നേഹമുള്ളയാളാണ്. ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു. 2001ലായിരുന്നു സ്മൃതി ഇറാനിയും സുബിനുമായുള്ള വിവാഹം. ഷാനെല്ലയ്ക്കു പുറമേ സോര്‍, സോയിഷ് എന്നിവരാണ് സ്മൃതിയുടെ മറ്റ് മക്കള്‍. ജോര്‍ജ്ടൗണ്‍ സര്‍വ്വകലാശാലയില്‍ നിയമവിദ്യാര്‍ത്ഥിനിയാണ് ഷാനെല്ല ഇപ്പോള്‍. വ്യത്യസ്തമായ പോസ്റ്റുകളുമായി സ്മൃതി ഇറാനി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്.