കാലം പിന്നിടുന്നതിനനുസരിച്ച് സാങ്കേതിക വിദ്യയും ആളുകളുടെ ബുദ്ധിയും വളരുകയാണ്. ഈ സാഹചര്യത്തില്‍ കള്ളക്കടത്തുകാരും തങ്ങളുടെ തൊഴില്‍ മേഖലയില്‍ പുതു തന്ത്രങ്ങള്‍ പയറ്റുകയാണ്. ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി ഒളിപ്പിച്ച രീതി കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍.
തോട് പൊളിക്കാത്ത നിലക്കടലയ്ക്കുള്ളില്‍ നിന്നാണ് 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. ബാഗ് പരിശോധനയ്ക്ക് ഇടയിലാണ് തോടോട് കൂടിയ നിലക്കടല അടങ്ങിയ ബാഗ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ കടലയുടെ തോട് പൊളിച്ച് നോക്കിയപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി കണ്ടെത്തിയത്. വളരെ കൃത്യമായി നിലയില്‍ മടക്കിവച്ച രീതിയിലായിരുന്നു കറന്‍സി വച്ചിരുന്നത്.
നോട്ടുകള്‍ ചുരുട്ടിയ ശേഷം ചരട് കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി കണ്ടെത്തിയത്. വറുത്ത ഇറച്ചിക്കുള്ളിലെ എല്ലിനുള്ളില്‍ ഒളിപ്പിച്ച നിലയിലും കഴിഞ്ഞ ദിവസം വിദേശ കറന്‍സി കണ്ടെത്തിയിരുന്നു. യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ച വേവിച്ച മട്ടണ്‍ കഷണങ്ങള്‍, കപ്പലണ്ടി, ബിസ്കറ്റ് പാക്കറ്റുകള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ ഒളിപ്പിച്ച തരത്തില്‍ വിദേശ കറന്‍സി കണ്ടെത്തിയതായി സിഐഎസ്എഫ് വക്താവ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹേമേന്ദ്ര സിംഗ് പറഞ്ഞു.
സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, കുവൈറ്റ് ദിനാര്‍, ഒമാനി റിയാല്‍, യൂറോ എന്നിവയാണ് പിടികൂടിയത്. ആദ്യമായാണ് കപ്പലണ്ടിക്കുള്ളിലടക്കം കറന്‍സി കടത്തുന്നത് പിടികൂടുന്നത്. ഇതാദ്യമായാണ് കറന്‍സി കള്ളക്കടത്തിലും പുതിയ രീതികള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.എന്തായാലും പുതിയ രീതികണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.