സ്വര്‍ണക്കടത്തുകാരെയും ഹവാല ഇടപാടുകാരെയുമൊന്നും മംഗളുരു വിമാനത്താവളത്തില്‍ ഇപ്പോള്‍ കാണാനില്ല ! സകല കള്ളക്കടത്തുകാരും മൂര്‍ഖന്‍പറമ്പ് കേന്ദ്രീകരിക്കുന്നതായി സൂചന; കണ്ണൂര്‍ എയര്‍പോര്‍ട്ട് കുറ്റവാളികളുടെ താവളമാകുമോ ?

സ്വര്‍ണക്കടത്തും ഹവാലഇടപാടുമടക്കം കള്ളക്കടത്തുകാരുടെ ഇഷ്ടഎയര്‍പോര്‍ട്ടായിരുന്നു മംഗളുരുവിലേത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളം വന്നതോടെ കള്ളക്കടത്തുകാര്‍ അടപടലം മംഗളുരുവില്‍ നിന്ന് മൂര്‍ഖന്‍പറമ്പ് ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആ സംശയം ബലപ്പെടുത്തുന്നതാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ സ്വര്‍ണ്ണകടത്തുകാരനെ പിടികൂടിയ സംഭവം. വിമാനത്താവളം വരും മുമ്പ് തന്നെ സാമ്പത്തിക ഇടപാട് മുന്നില്‍ കണ്ട് ഇത്തരം സംഘങ്ങള്‍ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞിരുന്നു. അത്തരത്തിലുള്ള സൂചനകള്‍ പൊലീസിനും ലഭിക്കുകയുണ്ടായി.

ജില്ലയിലെ രാഷ്ട്രീയഗുണ്ടകള്‍ ഇതിനോടകം എയര്‍പോര്‍ട്ടിനെ തങ്ങളുടെ വിഹാരഭൂമിയായി മാറ്റിക്കഴിഞ്ഞു. കൊടിയുടേയും പ്രത്യേയ ശാസ്ത്രത്തിന്റേയും വേര്‍തിരിവില്ലാതെ കര്‍ണ്ണാടമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ സാമ്പത്തിക -ഗുണ്ടാ ഇടുപാടുകാര്‍ സജീവ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. പഴയ കുടിപ്പകകള്‍ തീര്‍ക്കാന്‍ മെനക്കെടാതെ ഇത്തരം സംഘങ്ങള്‍ ഒരുമിച്ച് ക്വട്ടേഷന്‍ ഏറ്റെടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതോടൊപ്പം അവരുടെ മനസ്സിലെ രാഷ്ട്രീയ വൈരാഗ്യം അലിഞ്ഞില്ലാതാവുകയും സമ്പത്ത് കുന്ന് കൂട്ടാന്‍ ഒരുമിച്ച് നില്‍ക്കുകയുമാണ് പതിവ്.

കുപ്രസിദ്ധമായ കാസര്‍ഗോട്ടെ സ്വര്‍ണ്ണകടത്ത് സംഘങ്ങളും മംഗളൂരുവിലെ ലഹരിമരുന്നു മാഫിയകളും ഹവാല പണമിടപാരുകാരും ഒരുമിച്ച് ചേരുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം എന്ന സ്ഥാനം കണ്ണൂരിനു മുമ്പില്‍ കൊച്ചിയ്ക്ക് വെച്ചൊഴിയേണ്ടി വന്നേക്കാം. കാസര്‍ഗോട്ടെ സ്വര്‍ണ്ണകടത്ത് സംഘങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തെ ലക്ഷ്യമാക്കി കഴിഞ്ഞു. ദിനം പ്രതി മംഗളുരു വിമാനത്താവളത്തില്‍ നിന്നും പിടികൂടപ്പെടുന്ന കടത്തുകാരുടെ എണ്ണം കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതോടെ ഗണ്യമായി കുറഞ്ഞു.ഇതും സംശയത്തിനിട നല്‍കുന്നു.

കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വളര്‍ത്തിയെടുത്ത അക്രമി സംഘങ്ങള്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് വഴങ്ങാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. പാനൂര്‍ തലശ്ശേരി, ഇരിട്ടി മേഖലകളിലെ ഇത്തരം സംഘങ്ങള്‍ എതിരാളികളുടെ താവളങ്ങളില്‍ അക്രമം നടത്തുന്നതിന് വേണ്ടി ഓരോ പാര്‍ട്ടിയും വളര്‍ത്തിയെടുത്തവയാണ്. അതനുസരിച്ചുള്ള ആയുധ പരിശീലനവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കായിക ശക്തിയും ആയുധ ബലവും ഇപ്പോള്‍ സ്വന്തം സാമ്പത്തിക ശക്തിക്കുവേണ്ടി ഉപയോഗിച്ച് വരികയാണ്. നേരത്തെ മുഖാമുഖം നിന്ന് പോരടിച്ച് കൊല്ലും കൊലയും നടത്തിയവര്‍ സാമ്പത്തിക ശക്തിയാകാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

രാഷ്ട്രീയ സ്ഥിരം കുറ്റവാളികള്‍ ഇപ്പോള്‍ പാര്‍ട്ടി പണി ഏറ്റെടുക്കുന്നതില്‍ വിമുഖരാണ്. കവര്‍ച്ച, ഹവാല കൊള്ള തുടങ്ങിയ കാര്യങ്ങളില്‍ ഒരു കാലത്ത് പരസ്പരം പോരാടിയവര്‍ ഇപ്പോള്‍ ഒരുമിച്ച് നില്‍ക്കുകയാണ്. ഹവാല സംഘങ്ങള്‍ പണവുമായി വരുന്ന സമയത്ത് അവരുടെ വാഹനം തടഞ്ഞു നിര്‍ത്തി ആയുധങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.

ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയയില്‍ സംഘങ്ങള്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്. കര്‍ണ്ണാടക-കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും എത്തുന്ന പണം വഴി തിരിച്ച് വിട്ട് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലെത്തിച്ച് പണം തട്ടുകയാണ് പതിവ്. കള്ളക്കടത്തിന്റെ സൂചനകള്‍ ലഭിച്ചതോടെ കണ്ണൂര്‍ പൊലീസിലും കാര്യമായ മാറ്റംവരുത്തിയിട്ടുണ്ട്. സിറ്റി, റൂറല്‍ എന്നിങ്ങനെ വിഭജിച്ചു കഴിഞ്ഞു. അതോടെ മലയോര പ്രദേശങ്ങളും വിമാനത്താവളവും ഉള്‍പ്പെട്ട പ്രദേശം ശക്തമായ പൊലീസ് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്താനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.

Related posts