വടക്കഞ്ചേരി: പൊള്ളുന്ന ചൂടിൽ തൊഴിൽവകുപ്പിന്റെ തൊഴിൽ സമയ ക്രമീകരണമൊന്നും പാവം അന്യസംസ്ഥാന തൊഴിലാളികൾക്ക് ബാധകമാകുന്നില്ല. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണ തൊഴിലാളികളാണ് ഇവർ. നട്ടുച്ചയ്ക്കും കാക്കതണൽപോലുമി ല്ലാതെ പൊരിവെയിലത്താണ് സ്ത്രീകൾ അടക്കമുള്ള ഈ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ തൊഴിലെടുക്കുന്നത്. അതും പൊടിനിറയുന്ന മണ്ണിലും പാറപൊടിയിലും.
ചില ദിവസങ്ങളിൽ പിഞ്ചുകുട്ടികളുമായാണ് ഇവർ തൊഴിലിനെത്തുന്നത്.പകൽസമയം 12 മുതൽ മുന്നുവരെ തൊഴിലാളികൾക്ക് വിശ്രമസമയമായി തൊഴിൽവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിർദേശങ്ങളൊന്നും ഇവർക്ക് ബാധകമല്ലെന്ന മട്ടിലാണ് കരാർ കന്പനി ഇവരെകൊണ്ട് തൊഴിലെടുപ്പിക്കുന്നത്.
ഉച്ചസമയത്ത് തൊഴിലാളികളെകൊണ്ട് തൊഴിൽ എടുപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇവിടെയൊന്നും അത്തരം സ്ക്വാഡുകളെ കാണാനില്ല. അതിരാവിലെ ഇവർ പണിക്കിറങ്ങിയാൽ ഭക്ഷണസമയങ്ങളൊഴികേ പിന്നെ അർധരാത്രിവരെയും പണിയെടുക്കണം. കൂലിയായി കൊടുക്കുന്നത് നാമമാത്രമായ തുകയും.
അതു യഥാസമയം കൊടുക്കാതെയും വട്ടംകറക്കും. രാത്രി ഇവരെ താമസിപ്പിക്കുന്നത് എട്ടടി ഉയരത്തിൽ തകരഷീറ്റ് മേഞ്ഞ ഷെഡുകളിലാണ്. ചൂടും അത്യുഷ്ണവുമായി ഇത്തരം ഷെഡുകളിൽ പത്തുമിനിറ്റുപോലും ഇരിക്കാൻ കഴിയുന്നില്ലെന്നിരിക്കേയാണ് മാടുകളെ പാർപ്പിക്കുംമട്ടിൽ ഇവർക്ക് പാടങ്ങളിലും മറ്റും താമസമൊരുക്കുന്നത്.
അന്യസംസ്ഥാനങ്ങളിൽനിന്നും ഏജന്റുമാർ വഴിയാണ് ആറുവരിപ്പാത നിർമാണപ്രവൃത്തികൾക്കായി ഇവിടേയ്ക്ക് തൊഴിലാളികളെ എത്തിക്കുന്നത്.കരാർ കന്പനി നല്കുന്ന നാമമാത്ര കൂലിയിൽനിന്നും ഏജന്റുമാർ അവരുടെ കമ്മീഷൻ എടുത്താണ് ശേഷിച്ച ചെറിയ തുക തൊഴിലാളികൾക്ക് നല്കുക.