വൈക്കം: തട്ടിപ്പ് നടത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളായ ദന്പതികൾ പോലീസ് പിടിയിലായതോടെ കൂടുതൽ തട്ടിപ്പ് പുറത്തുവരുമെന്ന പ്രതീക്ഷയിൽ ഇടപാടുകാർ.
ടിവിപുരം എസ്എൻ ഫിനാൻസ് സ്ഥാപന ഉടമ സഹദേവൻ, ഭാര്യ ബിന്ദു എന്നിവരാണ് ഇടപാടുകാരെ കബളിപ്പിച്ച് കുടുംബസമേതം മുങ്ങിയത്.
തമിഴ്നാട്ടിൽ സഹദേവനും കുടുംബവും ഒളിവിൽ കഴിയുന്നതായി പോലീസിനു നേരത്തെ വിവരമുണ്ടായിരുന്നു.നിരവധി പേരാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി ആരോപിച്ച് രംഗത്ത് വന്നത്.
ടിവി പുരം സ്വദേശി വിദേശത്ത് ജോലി ചെയ്തിരുന്ന മിനിക്ക് 12 ലക്ഷം, സഹദേവന്റെ അയൽവാസിയായ ചന്ദ്രികയ്ക്ക് ആറേമുക്കാൽ ലക്ഷം രൂപയും 20 പവൻ സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇതിനു പുറമെ സഹദേവന്റെ ബന്ധുക്കൾ അടക്കം നിരവധി പേർക്ക് സ്വർണവും പണവും നഷ്ടമായതായും ആരോപണമുയർന്നിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് പോലീസ് പിടികൂടിയ സഹദേവനേയും ഭാര്യയേയും സ്റ്റേഷനിൽ എത്തിച്ചത്. ടിവി പുരത്തുനിന്ന് പോലിസ് വിളിച്ചുവരുത്തിയ പരാതിക്കാരനായ യുവാവ് പ്രതികളെ തിരിച്ചറിഞ്ഞു.
പ്രതികളുമായി യുവാവ് സംസാരിക്കാൻ ശ്രമിച്ചത് ഒച്ചപ്പാടിനും ഇടയാക്കി.സംഭവുമായി ബന്ധപ്പെട്ട് പ്രതികളുടെ ചിത്രമെടുക്കാൻ പോലീസ് അനുവദിച്ചില്ല.
പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനും പോലീസ് തയാറായില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സഹദേവനും ഭാര്യ ബിന്ദുവും അയൽക്കാരനായ ടിവി പുരം തൈമുറിയിൽ അശോകനെ കബളിപ്പിച്ച് ആധാരം സഹകരണ ബാങ്കിൽ പണയപ്പെടുത്തി പണം തട്ടിച്ചിരുന്നു.
സഹദേവൻ ആധാരം തിരികെ എടുത്ത് നൽകാതെ കുടുംബസമേതം മുങ്ങിയതിനെത്തുടർന്ന് അശോകൻ ജീവനൊടുക്കിയിരുന്നു.
ടിവി പുരത്ത് എസ്എൻ ഫിനാൻസ് എന്ന പേരിൽ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന സഹേദേവനും ഭാര്യ കണ്മണിയെന്നു വിളിക്കുന്ന ബിന്ദുവും ചേർന്ന് അശോകന്റെ വീടിനു മുന്നിൽ കടമുറി പണിയാൻ ഒന്നര ലക്ഷം രൂപ നൽകിയാണ് അശോകനെ കെണിയിലാക്കിയത്.
കടമുറി പണിത് ദിവസങ്ങൾ കഴിഞ്ഞ് സഹദേവനും ഭാര്യയും അശോകനോട് പണം തിരികെ ആവശ്യപ്പെട്ടു.പണം കൈവശമില്ലാതിരുന്നതിനാൽ സ്ഥലം പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിൽ ഈടു വച്ച് വായ്പ എടുത്തു പണം നൽകാനായി വായ്പയ്ക്ക് അപേക്ഷിച്ചു.
ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗമായിരുന്ന സഹദേവൻ വായ്പയായി രണ്ട് ലക്ഷം രൂപ ആവശ്യമുണ്ടായിരുന്ന അശോകന്റെ വീടുൾപ്പെടുന്ന 22 സെന്റ് സ്ഥലത്തിന്റെ ആധാരം ഉപയോഗിച്ച് 2015 ൽ 15 ലക്ഷം രൂപ വായ്പ എടുത്തു.
വായ്പ തുക 15 ലക്ഷമാണെന്ന് പിറ്റേന്നാണ് അശോകൻ അറിയുന്നത്. മുടക്കംവരാതെ അടയ്ക്കാമെന്ന് സഹദേവൻ ഉറപ്പു നൽകിയെങ്കിലും തവണ അടക്കാതെ വായ്പ കുടിശികയായി.
ഇതിനിടയിൽ ചിട്ടി പിടിച്ചു ലഭിച്ച രണ്ടു ലക്ഷം രൂപ അശോകൻ ബാങ്കിൽ അടച്ചു. 2020 ജനുവരി 26ന് നടന്ന മകളുടെ വിവാഹവും വീടു അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ട് അശോകൻ ഏഴു ലക്ഷത്തോളം രൂപ സഹദേവനിൽ നിന്നു വാങ്ങി.
അശോകന്റെ മകളുടെ വിവാഹത്തിന്റെ പിറ്റേദിവസം വിവാഹത്തിന് സംഭാവനയായി ലഭിച്ച 1,80000 രൂപ ബാങ്കിൽ അടയ്ക്കാമെന്ന് പറഞ്ഞ് അശോകനിൽ നിന്നു വാങ്ങി സഹദേവന്റെ ഭാര്യ ബിന്ദു കബളിപ്പിച്ചു.
പല തവണ സഹദേവന്റെ അടുത്തു പോയി ബാങ്കിലെ ഇടപാടു തീർത്ത് ആധാരം എടുത്തു തരണമെന്ന് അശോകൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടയിൽ സഹദേവനും കുടുംബവും ഒളിവിൽ പോവുകയും ചെയ്തു. വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ഭയത്തിൽ അശോകൻ ജീവനൊടുക്കുകയായിരുന്നു.