തൃപ്പൂണിത്തുറ: എസ്എൻ ജംഗ്ഷനിൽ അശാസ്ത്രീയമായി നിർമിച്ച മീഡിയനിൽ ഇടിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. കൊച്ചി റിഫൈനറിയുടെ നേതൃത്വത്തിൽ എസ്എൻ ജംഗ്ഷൻ വികസനത്തിന്റ ഭാഗമായാണ് കെആർഎൽ റോഡിന്റ മധ്യഭാഗത്ത് കോൺക്രീറ്റ് മീഡിയൻ നിർമിച്ച് ഇരുന്പ് പൈപ്പ് ഉപയോഗിച്ച് ബാരിക്കേട് സ്ഥാപിച്ചത്. എന്നാൽ റിഫ്ലക്ടറുകൾ സ്ഥാപിക്കാത്തതിനാൽ ദൂരെനിന്നു വരുന്ന വാഹനങ്ങൾക്ക് മീഡിയൻ കാണാൻ സാധിക്കാത്ത സ്ഥിതിയാണ്.
മീഡിയൻ സ്ഥാപിച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഇടുക്കിയിൽനിന്നു കൊച്ചിയിലേക്ക് കുരുമുളക് കയറ്റിവന്ന ലോറി മീഡിയനിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. വലിയ വാഹനങ്ങൾ ഇടിച്ചു കയറി പൊട്ടിപൊളിഞ്ഞ് ഉയരം കുറഞ്ഞതിനാൽ ചെറിയ വാഹനങ്ങളാണ് ഇപ്പോൾ മീഡിയനിൽ അപകടത്തിൽപ്പെടുന്നത്.
മെടോ നിർമാണത്തിന്റെ ഭാഗമായി റോഡ് വികസനം നടക്കുന്നതിനാൽ കെആർഎൽ റോഡിലെ വഴിവിളക്കുകൾ സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ എല്ലാം അഴിച്ചു മാറ്റിയിരിക്കുകയാണ്. ഇതോടെ റോഡ് പൂർണമായും ഇരുട്ടിലാണ്. കഴിഞ്ഞ ദിവസം മാരുതി കാർ മീഡിയനിൽ ഇടിച്ചുകയറിയെങ്കിലും പരിക്കേൽക്കാതെ കാറിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു. പ്രശ്നത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.