കൊച്ചി: പാലാരിവട്ടം എസ്എന്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ സിഗ്നല്‍ സംവിധാനം വാഹന യാത്രികരെ കുഴയ്ക്കുന്നു. കലൂര്‍ സ്റ്റേഡിയം ഭാഗത്തുനിന്നും പാലാരിവട്ടത്തേയ്ക്ക് എത്തുന്ന എസ്എന്‍ ജംഗ്ഷനില്‍ മെട്രോ തൂണുകളോട് ചേര്‍ന്നു സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ സംവിധാനമാണ് ഇപ്പോള്‍ വാഹന യാത്രക്കാരെ പ്രശ്നത്തിലാക്കിയിരിക്കുന്നത്.
വളവില്‍ ഉയരത്തിലായി സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ പലപ്പോലും കാണാന്‍ കഴിയുന്നില്ലെന്നതാണു വാഹന യാത്രക്കാരുടെ പ്രധാന പരാതി. കൂടാതെ റോഡിന് ചെറിയ വളവിലുള്ള ഭാഗത്ത് സിഗ്നല്‍ സ്ഥാപിച്ചിരിക്കുന്നത് അശാസ്ത്രീയമാണെന്നും യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെടുന്നു.
കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ പ്രതിദിനം നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ പ്രദേശത്ത് സിഗ്നല്‍ ഏര്‍പ്പെടുത്തിയതു ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനും കാരണമായിട്ടുണ്ട്.
കലൂരില്നിന്നുമെത്തി കാക്കനാട്ടേക്കു പോകേണ്ട വാഹനങ്ങള്‍ സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ ഇടപ്പള്ളി ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ മതിയായ സ്ഥലം ഇല്ലാത്തതും ഗതാഗതക്കുരുക്കിനു വഴിയൊരുക്കുന്നു.
മെട്രോയുടെ വലിയ തൂണുകള്‍ മൂലം സിഗ്നല്‍ കാണാതെ വാഹനങ്ങള്‍ അലക്ഷ്യമായി കടന്നു പോകുന്ന അവസ്ഥയും ഇവിടെയുണ്ട്. സിഗ്നല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രദേശത്ത് പോലീസ് നിരന്തരം ട്രാഫിക് നിയന്ത്രിക്കേണ്ട അവസ്ഥയാണ്.
സിഗ്നലിന്റെ ഇടത് വശത്തുകൂടി യഥേഷ്ടം വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ സൗകര്യമുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ നിരതെറ്റി എത്തുന്നതും മറ്റ് വാഹനങ്ങള്‍ക്കു കടന്നു പോകുന്നതിനു തടസം സൃഷിടിക്കുന്നുണ്ട്.