ആലപ്പുഴ: എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വെള്ളാപ്പള്ളി നടേശൻ ശ്രമിക്കുന്നുവെന്ന് എസ്എൻഡിപി യോഗം സംരക്ഷണസമിതി. കോവിഡ് മൂർധന്യാവസ്ഥയിൽ നിൽക്കേ ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നടത്തിയിരിക്കുകയാണ്.
കേരളത്തിലെ നാല്പതുശതമാനം പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായിരിക്കെ 65 വയസിൽ കൂടുതൽ ഉള്ളവർക്ക് വീടുവിട്ടു സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണെന്നിരിക്കെ ഇത്തരമൊരു തെരഞ്ഞെടുപ്പ്ു നടപടിക്രമങ്ങൾ നടത്തുന്നത് യുക്തിക്കു നിരക്കുന്നതല്ല.
പൂർണവിലാസങ്ങളില്ലാതെ, അംഗങ്ങളെ തിരിച്ചറിയാൻ കഴിയാതെയും വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞ 17 ആക്ഷേപത്തിനുള്ള അവസാനദിവസമായി പ്രഖ്യാപിക്കുകയും ചെയ്തതു വഴി ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് സംരക്ഷണസമിതി കണ്വീനർ അഡ്വ. ചന്ദ്രസേനൻ കുറ്റപ്പെടുത്തി.
കോവിഡ് മഹാമാരിയുടെ തീക്ഷ്ണമായ കാലഘട്ടമായേക്കാവുന്ന ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ മാസങ്ങളിൽ തെരഞ്ഞെടുപ്പു നടത്തുമെന്ന് പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശൻ, കോവിഡ് പ്രൊട്ടോക്കോളുകളും നിയമങ്ങളും ജനങ്ങളുടെ ജീവനും പുല്ലാണെന്നു പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പേർ ഒന്നിച്ചുകൂടേണ്ട അവസ്ഥ സംജാതമാകും.
നിയമങ്ങളെ വെല്ലുവിളിച്ചു കൊണ്ട് മഹാദുരന്തം വരുത്താനുള്ള വെള്ളാപ്പള്ളിയുടെ ഗൂഢശ്രമത്തിനെതിരേ അധികാരികൾ ശക്തമായ നിയമ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ വെള്ളാപ്പള്ളി നടേശൻ നടത്തുവാൻ ശ്രമിക്കുന്ന മഹാദുരന്തത്തെ പ്രതിരോധിക്കാൻ ശ്രമിക്കും.
സംരക്ഷണ സമിതി വെള്ളാപ്പള്ളിയുടെ ധിക്കാരപരമായ നടപടിക്കെതിരേ നടപടിയെടുക്കാനും കോവിഡ് കാലഘട്ടം തീരും വരെ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കാൻ നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഹർജി നൽകിയിട്ടുണ്ട്.